താനൂർ : അറുപത്തിരണ്ട് വർഷമായി അറിവിന്റെ അക്ഷരവാതിൽ തുറന്ന് പരിയാപുരം കുന്നുംപുറം ഗ്രാമത്തിലെ പൊതുജനമിത്രം വായനശാല ആൻഡ് ഗ്രന്ഥാലയം. ഇത് നാടിന്റെ സാംസ്കാരിക കേന്ദ്രംകൂടിയാണിന്ന്.1963-ൽ കേരളപ്പിറവി ദിനത്തിലാണ് ഗ്രന്ഥാലയം രൂപംകൊണ്ടത്. പി. ഉണ്ണിനായർ (പ്രസി.), എം.പി. ഗോപി (സെക്ര.) എന്നിവരുടെ നേതൃത്വത്തിലുള്ള പ്രഥമ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.തുടക്കത്തിൽ നാട്ടിലെ ചായക്കടയുടെ മൂലയിലും പിന്നീട് വാക്കനപറമ്പിൽ നാരായണന്റെ കെട്ടിടത്തിൽ ഒറ്റമുറിയിൽ വാടക ഇല്ലാതെയും തുച്ഛമായ വാടകയിലും ഏറെക്കാലം ഗ്രന്ഥാലയം പ്രവർത്തിച്ചു.

ഒരുകൂട്ടം നാട്ടുകാരണവന്മാരുടെ ജനകീയ കൂട്ടായ്മയിൽ കുന്നുംപുറം ഗ്രാമത്തിലെ വികസനപ്രവർത്തനങ്ങളിലും കാർഷികമേഖലയിലും കലാസാംസ്കാരിക സാഹിത്യ മേഖലകളിലും മികച്ച സംഭാവന നൽകാൻ ഗ്രന്ഥാലയത്തിനു സാധിച്ചു.2011 ഒക്ടോബർ 16-ന് നാട്ടുകാരണവരായ ആർ.വി. കുഞ്ഞഹമ്മദ് ഹാജി സൗജന്യമായി നൽകിയ രണ്ട് സെൻറ് ഭൂമിയിൽ താനൂർ പഞ്ചായത്ത് നിർമ്മിച്ചുനൽകിയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.നിലവിൽ 1793 അംഗങ്ങളുണ്ട്. 9368 പുസ്തകങ്ങളും അഞ്ച് ദിനപത്രങ്ങളും 13 ആനുകാലികങ്ങളും ഗ്രന്ഥാലയത്തിൽ ലഭ്യമാണ്. ലൈബ്രറി കൗൺസിലിന്‍റെ ബി ഗ്രേഡ് അംഗീകാരമുണ്ട്.

കാർഷിക ക്യാമ്പുകൾ, ശുചിത്വപ്രവർത്തനങ്ങൾ, ബോധവത്കരണക്ലാസുകൾ, രോഗികൾക്ക് സഹായപദ്ധതികൾ, കുട്ടികൾക്ക് ചിത്രരചനാ ക്യാമ്പ്, വിവിധ മത്സരങ്ങൾ, കലാ-സാഹിത്യ പ്രതിഭകളുമായി അഭിമുഖം, സംവാദങ്ങൾ തുടങ്ങിയ മാതൃകാ പ്രവർത്തനങ്ങൾ ഗ്രന്ഥാലയത്തിൽ നടക്കുന്നുണ്ട്.നിലവിൽ കംപ്യൂട്ടർ, അലമാരകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതികളുണ്ട്. താനൂർ നഗരസഭാ പദ്ധതിയിൽ കെട്ടിടത്തിന്റെ മുകളിൽ മേൽക്കൂര സഹിതം ഒരു ഹാൾ നിർമ്മിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പി. ബാലകൃഷ്ണനാണ് നിലവിൽ പ്രസിഡന്റ്. എ. കേശവൻ സെക്രട്ടറിയും രജനി ലൈബ്രേറിയനുമാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *