എടപ്പാൾ : നെല്ല് നൽകി രണ്ടു മാസമായിട്ടും സംഭരണവില കിട്ടാതെ വലഞ്ഞ് കർഷകർ. ജനുവരി 26-ന് നെല്ല് സംഭരിച്ച് കൊണ്ടുപോയി ഫെബ്രുവരി മൂന്നിന് പിആർഎസ് നൽകിയവർക്കുപോലും മാർച്ച് പകുതി പിന്നിട്ടിട്ടും പണം ലഭിച്ചിട്ടില്ല. മുണ്ടകൻ കൃഷി ചെയ്ത് മകരത്തിൽ കൊയ്ത്ത് കഴിഞ്ഞ് ഏറെ കാത്തിരുന്നശേഷമാണ് ഇത്തവണ നെല്ല് സംഭരണം തന്നെ നടന്നത്. ഒരാഴ്ച കഴിഞ്ഞാണ് പിആർഎസ് ലഭിച്ചത്. കർഷകർ പിആർഎസുമായി ബാങ്കുകളിൽ ചെല്ലുമ്പോൾ പണം അനുവദിച്ചിട്ടില്ലെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്.
മാസങ്ങളുടെ കഷ്ടപ്പാടും സാമ്പത്തികബുദ്ധിമുട്ടുകളുമെല്ലാം സഹിച്ചാണ് കർഷകർ കൃഷിപ്പണിയിൽ തുടരുന്നത്. വയലിൽ പണിയെടുക്കുന്നവർക്കുള്ള കൂലിയടക്കം എല്ലാം മുൻകൂർ നൽകിയാണ് കൃഷി ചെയ്യുന്നത്. ഇതിനായി കടം വാങ്ങിയും വായ്പയെടുത്തുമെല്ലാമാണ് പണം സ്വരൂപിക്കുന്നത്. നെല്ല് സംഭരിച്ചാലുടൻ തിരിച്ചടയ്ക്കാമെന്ന പ്രതീക്ഷയിലാകും ഇതു ചെയ്യുന്നത്. സംഭരണവില വൈകുന്നതോടെ ഈ പ്രതീക്ഷകളെല്ലാം തകിടംമറിയുകയാണെന്നു മാത്രമല്ല കടം പലിശസഹിതം വർധിക്കുന്നത് കൃഷിയുടെ ലാഭം കുറയ്ക്കാനും കാരണമാകുന്നു.
കേന്ദ്രസർക്കാരിന്റെ 21.83 രൂപയും സംസ്ഥാന വിഹിതം 6.37 രൂപയുമടക്കം 28.20 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇതിനുള്ള പണം എസ്ബിഐ അടക്കമുള്ള ബാങ്കുകളിൽനിന്ന് വായ്പയായി വാങ്ങിയാണ് സർക്കാർ കണ്ടെത്തുന്നത്. നിശ്ചിതസമയത്തിനകം ബാങ്കുകൾക്ക് തിരിച്ചുനൽകിയില്ലെങ്കിൽ കർഷകർക്കും ബാധ്യതയാകും.