പൊന്നാനി : തകർച്ചാഭീഷണി നേരിടുന്ന കെട്ടിടത്തിൽനിന്ന് പൊന്നാനി മുൻസിഫ് മജിസ്‌ട്രേട്ട് കോടതി സിവിൽസ്റ്റേഷനിലേക്ക് മാറ്റിയേക്കും.
ഇതിന്റെ ഭാഗമായി പി. നന്ദകുമാർ എം.എൽ.എ.യുടെ നേതൃത്വത്തിൽ നിലവിലെ കോടതിസമുച്ചയവും താലൂക്ക് ഓഫീസിനോടുചേർന്ന കെട്ടിടവും സന്ദർശിച്ചു. നിലവിലെ കെട്ടിടസമുച്ചയം നിലനിർത്തി പിറകിലെ സ്ഥലത്ത് പുതിയ കോടതിക്കെട്ടിടം നിർമിക്കുന്നതിനായി റവന്യൂ വകുപ്പിനോട് സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം വിട്ടുകിട്ടിയാൽ കൂടുതൽ സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കാനും ഉദ്ദേശ്യമുണ്ട്.
അതുവരെ താത്കാലികമായി താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ അറ്റകുറ്റപ്പണികൾ നടത്തിയ കെട്ടിടത്തിൽ കോടതി പ്രവർത്തിക്കും. സിവിൽസ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന ദേശീയപാതാ സ്ഥലമെടുപ്പ് ഓഫീസ് പ്രവർത്തനം നിർത്തലാക്കിയതോടെ ഒഴിവുവന്ന രണ്ട് വലിയ മുറികളിൽക്കൂടി കോടതിക്കായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വില്ലേജ് ഓഫീസ് പൊളിച്ചാൽ ഈ സ്ഥലം ഉപയോഗപ്പെടുത്തേണ്ടി വരുമെന്നതിനാൽ കോടതിക്കായി ഈ ഓഫീസുകൾ നൽകാനിടയില്ല.