പൊന്നാനി : വില്ലേജ് ഓഫിസ് താൽക്കാലിക ഇടത്തേക്ക്. സിവിൽ സ്റ്റേഷനകത്ത് ഒരു മുറി പൊന്നാനി നഗരം വില്ലേജ് ഓഫിസിനു നൽകും. സിവിൽ സ്റ്റേഷനു പുറത്തെ കെട്ടിടത്തിൽ കോടതിക്ക് ഒരുക്കുന്ന സൗകര്യത്തിനു പുറമേ സിവിൽ സ്റ്റേഷനകത്ത് മറ്റൊരു മുറി കൂടി കോടതിക്കു നൽകാൻ ധാരണയായതായി പി.നന്ദകുമാർ എംഎൽഎ അറിയിച്ചു. ഇന്നലെ എംഎൽഎ സിവിൽ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വില്ലേജ് ഓഫിസ് പെട്ടെന്നു തന്നെ സിവിൽ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങും. കോടതിക്കെട്ടിടം 2 മാസത്തിനകം താൽക്കാലിക കെട്ടിടത്തിലേക്കു മാറുമെന്നാണ് അറിയുന്നത്. സിവിൽ സ്റ്റേഷനു പുറത്തുള്ള കെട്ടിടത്തിൽ മുകൾ നിലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതി തയാറായിട്ടുണ്ട്. ഇതിനായി കരാർ നൽകിക്കഴിഞ്ഞു.
പണികൾ അതിവേഗം പൂർത്തിയാക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് എംഎൽഎ വ്യക്തമാക്കി. കോടതിക്കെട്ടിടം തകർച്ചയിലായതിനെത്തുടർന്നാണ് താൽക്കാലിക കെട്ടിടത്തിലേക്കു മാറ്റുന്നത്. കോടതി പൊന്നാനിയിൽനിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ അതിവേഗം പൊന്നാനിയിൽ കോടതിക്ക് പുതിയ ഇടംകണ്ടെത്താൻ ശ്രമങ്ങൾ നടന്നത്. 10 കോടി രൂപ ചെലവഴിച്ച് സിവിൽ സ്റ്റേഷനു സമീപം പുതിയ കെട്ടിടം നിർമിക്കുന്നുണ്ട്. ഇൗ കെട്ടിടം കോടതിക്കുള്ള സ്ഥിരം സൗകര്യമാക്കി മാറ്റാനുള്ള ആലോചനകളും പുരോഗമിക്കുകയാണ്. നിലവിലെ കോടതിക്കെട്ടിടം ചരിത്ര മ്യൂസിയമാക്കി നിലനിർത്താനുള്ള ആലോചനകളുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായിട്ടില്ല.