Breaking
Thu. Jul 2nd, 2026

കേരളത്തില്‍ സ്വര്‍ണത്തിന് ഞെട്ടിക്കുന്ന വില വര്‍ധനവ്. ആയിരം രൂപയിലധികം വര്‍ധിച്ച പവന്‍ വില വൈകാതെ 80000 രൂപ എത്തിയേക്കുമെന്ന തോന്നലുണ്ടാക്കി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഇത്രയും കുതിക്കാന്‍ കാരണം. മാസങ്ങള്‍ക്ക് മുമ്പ് വരെ പവന്‍ വില പിടിവിടുമെന്ന് പറയുമ്പോഴും ഇത്രയും ഉയരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.

ഡോളര്‍ സൂചികയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അമേരിക്കയുടെ കേന്ദ്ര ബാങ്ക് വൈകാതെ പലിശ നിരക്ക് കുറയ്ക്കുമെന്ന് കേള്‍ക്കുന്നു. രാജ്യാന്തര വിപണിയില്‍ താരിഫ് ഭീഷണി കാരണം സ്വര്‍ണവില കുതിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ത്യന്‍ രൂപ മൂല്യം ഇടിയുക കൂടി ചെയ്തതോടെ സ്വര്‍ണം മിന്നിത്തിളങ്ങുകയായിരുന്നു. ഇതോടെ ആഭരണം വാങ്ങുന്നവരുടെ മുഖം വാടി.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 9620 രൂപയായി. ഒരു പവന് 76960 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7895 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6145 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3970 രൂപയിയായിട്ടുണ്ട്. വെള്ളിയുടെ വില ഗ്രാമിന് 1 രൂപ വര്‍ധിച്ച് 128 രൂപയായി ഉയര്‍ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 3447 ഡോളറിലെത്തി.

രൂപയുടെ മൂല്യം ഡോളറിനെതരെ 88.15 എന്ന നിരക്കിലാണുള്ളത്. നേരത്തെ ഇത് 88.30 വരെ എത്തിയിരുന്നു. രൂപ സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇനിയും ഇടിഞ്ഞേക്കുമെന്ന് പ്രവചിക്കുന്ന വിപണി നിരീക്ഷകരുണ്ട്. റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലുണ്ടായാല്‍ ഒരുപക്ഷേ, തിരിച്ചുകയറിയേക്കാം.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ഉള്‍പ്പെടെ 83000 രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ ഇനിയും വില കൂടും. സ്വര്‍ണവില എല്ലായിടത്തും ഒരേ വിലയാണെങ്കിലും പണിക്കൂലി വ്യത്യസ്തമായിരിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *