തിരൂരങ്ങാടി : പരിമിതമായ കെട്ടിടസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന താലൂക്കിലെ അഞ്ച് വില്ലേജ് ഓഫീസുകൾക്ക് പകരം പുതിയ കെട്ടിടങ്ങൾ നിർമിച്ച് സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഒരുക്കുന്നതിനുള്ള നടപടികളായി. തിരൂരങ്ങാടി നിയോജകമണ്ഡത്തിലുൾപ്പെട്ട തെന്നല, തിരൂരങ്ങാടി എന്നിവിടങ്ങളിലും വേങ്ങര നിയോജകമണ്ഡലത്തിലുൾപ്പെട്ട പറപ്പൂർ, ഊരകം, എആർ നഗർ എന്നീ വില്ലേജ് ഓഫീസുകൾക്കുമാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്. 50 ലക്ഷം ചെലവിലാണ് ഓരോ വില്ലേജിനും പുതിയ സ്മാർട്ട് ഓഫീസുകൾ ഒരുക്കുന്നത്. ഇതിനാ യുള്ള സർക്കാരിന്റെ ഭരണാനുമതികൾ ലഭിച്ചതോടെ തുടർനടപടികൾ വേഗത്തിലാക്കി യിട്ടുണ്ടെന്ന് തിരൂരങ്ങാടി താലൂക്ക് റവന്യൂ വിഭാഗം അറിയിച്ചു.
വർഷങ്ങളായി ദുരിതസാഹചര്യത്തിൽ പ്രവർത്തിക്കുന്ന താലൂക്കിലെ പ്രധാനപ്പെട്ട അഞ്ച് വില്ലേജ് ഓഫീസുകൾക്ക് പുതിയ അഞ്ച് സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഒരുങ്ങുന്നതോടെ ഓഫീസ് പ്രവർത്തനവും സ്മാർട്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. തിരക്കേറിയ ചെമ്മാട് ടൗണിൽ ബ്ലോക്ക് റോഡ് ജങ്ഷനു സമീപം പ്രധാന റോഡിന് അരികിലായാണ് തിരൂരങ്ങാടി വില്ലേജ് ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നത്. ഓഫീസിലെത്തുന്നവർക്ക് നിന്നുതിരിയുന്നതിന് ഇടമില്ലാത്ത കെട്ടിടമാണിത്. ദിവസേന ഓഫീസിലെത്തുന്നവർ കയറാനാകാതെ റോഡരികിൽ നിൽക്കുന്ന കാഴ്ചയും പതിവാണ്. ഓഫീസിലെ ജിവനക്കാരും സ്ഥലപരിമിതിയിൽ ദുരിതത്തിലാണ്. ആവശ്യമായ സൗകര്യങ്ങളില്ലാത്തതും ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള പ്രയാസങ്ങളും ഈ കെട്ടിടത്തിലുണ്ട്.
ചെമ്മാട് കൊടിഞ്ഞി റോഡിൽ ഹജൂർ കച്ചേരിക്ക് പുറകിലായി രജിസ്ട്രാർ ഓഫീസിനും പൊതുമരാമത്ത് റെസ്റ്റ് ഹൗസിനും സമീപമുള്ള സ്ഥലത്താണ് തിരൂരങ്ങാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് റോഡരികിലുണ്ടായിരുന്ന അനധികൃത കച്ചവടങ്ങൾ റവന്യൂവിഭാഗം ഒഴിപ്പിച്ചു. ആറുവരി ദേശീയപാതയിലെ കോഴിച്ചെനയിൽ സർവീസ് റോഡിനരികെ തെന്നല ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപമാണ് തെന്നല വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.
പരിമിതമായ സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് തെന്നലയിലും വില്ലേജ് ഓഫീസ് പ്രവർത്തി ക്കുന്നത്. മികച്ച കെട്ടിടം വേണമെന്നത് കാലങ്ങളായി ഇവിടത്തെ ആവശ്യമാണ്. തെന്നല കറുത്താലിലുള്ള റവന്യൂ ഭൂമിയിലാണ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിനായുളള നടപടികളും പൂർത്തിയായിട്ടുണ്ട്. ചെണ്ടപ്പുറായയിലുള്ള എആർ നഗർ വില്ലേജ് ഒഫീസ്, പറപ്പൂർ വില്ലേജ് ഓഫീസ്, ഊരകം വില്ലേജ് ഓഫീസ് എന്നിവയ്ക്ക് നിലവിലെ കാലപ്പഴക്കമുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്.