മാറഞ്ചേരി: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പോടനുബന്ധിച്ച് വന്ന വാർഡ് വിഭജനത്തോടെ മാറ്റം വരുന്ന നിലവിലെ മാറഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡിലെ അവസാന ഗ്രാമസഭായോഗം ഗ്രാമോത്സവമായി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ, ഹരിത കർമ്മ സേന, യുവജന ങ്ങൾ,വയോജനങ്ങൾ എന്നിവരുടെ കലാപരിപാടികളും, പ്രശസ്ത മജീഷ്യൻ ഹംസ മലയിൽ നയിക്കുന്ന മാജിക് ഷോ, അജീഷ് മുചുകുന്ന് നയിക്കുന്ന നാടൻപാട്ട് തുടങ്ങിയ പ്രോഗ്രാമു കളും ഗ്രാമോത്സവത്തിന്റെ ഭാഗമായി നടക്കും.
ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതിന് മധുരം പകരുന്ന ചായ മെക്കാനിയും കുടുംബശ്രീക്കാരുടെ സ്നേഹ പലഹാരങ്ങളും കുട്ടി സംരംഭങ്ങളുടെ കപ്പലണ്ടിയും കടുമാങ്ങയും ഉപ്പിലിട്ടതുമായി പരിസരം നിറയും.ആരോഗ്യ ശുചിത്വ സേവന കലാ മേഖലകളിൽ ഉള്ളവരെയും വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഗ്രാമോത്സവത്തിൽ വച്ച് ആദരിക്കും. 12ന് ഞായറാഴ്ച വൈകുന്നേരം 3.30ന് സാംസ്കാരിക ഘോഷയാത്രയുടെ ആരംഭിക്കുന്ന ഉത്സവങ്ങൾ രാത്രി 10 ന് സമാപിക്കും.വാർത്ത സമ്മേളനത്തിൽ അഡ്വ. കെ.എ ബക്കർ, എം ശ്രീരാമനുണ്ണി മാസ്റ്റർ, റയീസ് പി.പി, അഫ്സൽ മാനേരി എന്നിവര്‍ പങ്കെടുത്തു.

