തിരൂർ : ആദ്യ വന്ദേഭാരത് എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ് അനുവദിക്കാൻ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യുമെന്ന് സതേൺ റെയിൽവേ യൂസേഴ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗത്തിൽ ജനറൽ മാനേജർ ആർ.എൻ.സിങ് അറിയിച്ചു. ജില്ലയിൽനിന്നുള്ള അംഗം എ.കെ.എ.നസീർ ഉന്നയിച്ച ആവശ്യം പരിഗണിച്ചാണിത്. ദക്ഷിണ റെയിൽവേയുടെ മെഡിക്കൽ ഫെസിലിറ്റീസ് സെന്റർ തിരൂർ റെയിൽവേ സ്റ്റേഷനിൽ തുടങ്ങുമെന്നും ജനറൽ മാനേജർ അറിയിച്ചു. ചെന്നൈയിൽനിന്നു മംഗളൂരുവിലേക്കു വന്ദേഭാരത് തുടങ്ങാൻ ബോർഡിനോട് ശുപാർശ ചെയ്യും. നിലമ്പൂർ – ഷൊർണൂർ പാതയിൽ ദീർഘനേരം ട്രെയിനുകളില്ലാത്ത സമയത്ത് പുതിയ ട്രെയിനുകൾ അനുവദിക്കാൻ സാധിക്കില്ലെന്ന് ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചു. നിലവിൽ ഈ പാതയിൽ രാവിലെ 9.55നുള്ള നിലമ്പൂർ – ഷൊർണൂർ പാസഞ്ചർ പുറപ്പെട്ടാൽ ആറു മണിക്കൂറോളം കഴിഞ്ഞാണ് അടുത്ത ട്രെയിൻ. ഇത്തരത്തിൽ പലപ്പോഴും ദീർഘസമയത്തേക്കു ട്രെയിനുകളില്ല. എന്നാൽ ടെർമിനലിലെ നിയന്ത്രണങ്ങൾ കാരണം നിലവിൽ പുതിയ ട്രെയിനുകൾ അനുവദിക്കാൻ സാധിക്കില്ലെന്നാണ് ആർ.എൻ.സിങ് അറിയിച്ചത്.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ 10.72 കോടി രൂപ ചെലവിട്ട് യാഡ് നവീകരണം നടത്തും. ഇതോടെ 24 കോച്ചുകൾക്കു പ്ലാറ്റ്ഫോമിൽ നിൽക്കാനാകും. നിലമ്പൂരിൽ 15.22 കോടി രൂപ ചെലവിട്ട് യാഡ് നവീകരണവും ഒന്നാം പ്ലാറ്റ്ഫോമിൽ 24 കോച്ചുകൾ നിർത്തുന്ന തരത്തിൽ നീളം വർധിപ്പിക്കുകയും ചെയ്യും. രണ്ടാം പ്ലാറ്റ്ഫോമിൽ 16 കോച്ചുകൾ നിർത്തുന്ന തരത്തിൽ നീളം വർധിപ്പിക്കും. രണ്ടു പ്രവൃത്തികളുടെയും ടെൻഡർ നടപടി ഉടൻ പൂർത്തിയാകും. വാണിയ മ്പലത്ത് ഒന്നാം പ്ലാറ്റ്ഫോമിൽ 17 കോച്ചുകൾ നിർത്താൻ സാധിക്കുന്ന തരത്തിലുള്ള പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ജനുവരിയിൽ പൂർത്തിയാകും. തുടർന്ന് ഒരു കോച്ച് കൂടി അധികം നിർത്താൻ സാധിക്കുന്ന പ്രവൃത്തിയും നടത്തും.കൂടുതൽ കോച്ചുകൾ ലഭ്യമാകുന്ന മുറയ്ക്കു ഷൊർണൂർ – കണ്ണൂർ മെമു, ഷൊർണൂർ – നിലമ്പൂർ മെമു എന്നിവയുടെ കോച്ചുകൾ വർധിപ്പിക്കും. സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിക്കുന്ന മുറയ്ക്കു രാജ്യറാണി എക്സ്പ്രസിന്റെ കോച്ചുകൾ വർധിപ്പിക്കും. നിലമ്പൂരിൽനിന്ന് താംബരത്തേക്കു പുതിയ ട്രെയിൻ നിലവിലെ സാഹചര്യത്തിൽ അനുവദിക്കാനാവില്ലെന്നും ജനറൽ മാനേജർ യോഗത്തിൽ അറിയിച്ചു.

