തിരൂർ : താനൂർ മണ്ഡലത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ചു മന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ പരാമർശം വിവാദത്തിൽ. തിരൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ അബ്ദുറഹിമാൻ മണ്ഡലത്തിലെ കുട്ടികളത്താണിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സംഗീത പരിപാടിക്കിടെയാണ് വിവാദ പരാമർശമുണ്ടായത്. 2 തവണ താനൂരിൽ നിന്നു ജയിച്ച മന്ത്രി തിരൂരിലേക്കു മാറിയത് ഒളിച്ചോട്ടമാണെന്ന യുഡിഎഫ് വിമർശനത്തിനു മറുപടി പറയുന്നതിനിടെയായിരുന്നു പരാമർശം.‘താനൂരിൽ നിന്ന് ഒളിച്ചോടിയെന്നാണ് എതിരാളികൾ പറയുന്നത്. എന്നാൽ, 2 മാച്ചുകൾ പാക്കിസ്ഥാനിൽ കളിച്ച് രണ്ടിലും അവരെ തോൽപിച്ചു. മൂന്നാമത്തെ മാച്ച് ഇനി ഹോം ഗ്രൗണ്ടിലാണ്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. പ്രസംഗത്തിന്റെ വിഡിയോ പ്രചരിച്ചതോടെ കടുത്ത വിമർശനവുമായി യുഡിഎഫ് രംഗത്തെത്തി.

