Breaking
Thu. Oct 1st, 2026

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി

എടപ്പാൾ :എടപ്പാൾ കണ്ടനകത്ത് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ ആഭിമുഖ്യത്തിൽ വാദ്യകലാ ക്യാമ്പും, അക്ഷരശ്ലോക സദസ്സും നാടകവും അരങ്ങേറി. സോപാനം സംഘടിപ്പിക്കുന്ന പ്രതിമാസ കലാപരിപാടികളുടെ ഭാഗമായാണ് ഏപ്രിൽ മാസത്തിൽ ഈ പരിപാടി സോപാനം സഭാമണ്ഡപത്തിൽ ഒരുക്കിയത്. കവിയും അധ്യാപകനുമായ എടപ്പാൾ സി. സുബ്രഹ്മണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആവർത്തിച്ചുള്ള പരിശീലനവും, ഏകാഗ്രതയും, ഗവേഷണവും, എല്ലാം കൂടിച്ചേരുമ്പോഴാണ് ഒരു വ്യക്തി ജീവിതവിജയം നേടുക എന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പിൽ നൂറോളം വിദ്യാർഥികളും മുതിർന്നവരും പങ്കെടുത്തു. കേരളീയ താള പദ്ധതികളിൽ എട്ട് അക്ഷരകാലമുള്ള ചെമ്പടവട്ടവും, ഏഴ് അക്ഷരകാലമുള്ള ത്രിപുടയും എങ്ങനെ പരസ്പരം ഇണങ്ങിച്ചേരുന്നുവെന്ന് സോപാനം ഡയറക്ടറും പ്രമുഖ പഞ്ചവാദ്യ കലാകാരനുമായ സന്തോഷ് ആലംകോട് ക്യാമ്പിൽ താളം പരിചയപ്പെടുത്തിക്കൊണ്ട് വിശദീകരിച്ചു. ഉച്ചക്ക് ശേഷം നടന്ന അക്ഷരശ്ലോക സദസ്സിൽ സർവ്വശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ജയശ്രി, എം. ആര്യ, പി.വി. മാധവൻ, ഉമാദേവി, ഭാഗ്യവതി, സത്യവതി എന്നിവർ പങ്കെടുത്തു. തുടർന്ന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് പാർത്ഥസാരഥി അവതരിപ്പിച്ച ‘ ഊണിനു നാലണ മാത്രം ‘ എന്ന ഏകാംഗ നാടകം അരങ്ങേറി.
കുറുങ്ങാട് വാസുദേവൻ നമ്പൂതിരി സിന്ധു ദിവാകരൻ, വിജയൻ പരിയപ്പുറം ഉൾപ്പെടെ ക്യാമ്പിന് നേതൃത്ത്വം നൽകി.എല്ലാ മാസവും അവസാനവാരത്തിൽ കണ്ടനകത്ത് സോപാനം ആസ്ഥാനത്ത് തുടർന്നും കലാപരിപാടികൾ അരങ്ങേറും.

Related Post

Leave a Reply

Your email address will not be published. Required fields are marked *