Breaking
Tue. Sep 8th, 2026

700 ഗ്രാം മുതൽ ഒരു കിലോ വരെയുള്ള വരാലുകള്‍; വീട്ടുമുറ്റത്തെ പടുതാക്കുളത്തിൽ മൊയ്തുട്ടിയുടെ വരാൽകൃഷി സൂപ്പർഹിറ്റ്

തിരുനാവായ : വീട്ടുമുറ്റത്തെ പടുതാക്കുളത്തിൽ വരാൽ വിസ്മയം തീർത്തിരിക്കുകയാണ് മുട്ടിക്കാടിലെ കർഷകൻ പരിയാരത്ത് മൊയ്തുട്ടി. ഇന്നലെ മൊയ്തുട്ടിയുടെ വരാ‍ൽക്കൃഷി വിളവെടുത്തു. കഴിഞ്ഞ വർഷം ഫിഷറീസ് വകുപ്പാണ് 1,000 മത്സ്യക്കുഞ്ഞുങ്ങളെ നൽകിയത്. ഇവയെ 2 സെന്റിൽ തയാറാക്കിയ 10 മീറ്റർ നീളവും 8 മീറ്റർ വീതിയുമുള്ള പടുതാക്കുളത്തിൽ വളർത്തിയ മൊയ്തുട്ടിക്ക് 7 മാസം കൊണ്ടു തന്നെ വിളവെടുപ്പ് നടത്താനായി. 700 ഗ്രാം മുതൽ ഒരു കിലോ വരെയുള്ള വരാലുകളെയാണ് ലഭിച്ചത്. ഫിഷറീസ് വകുപ്പാണ് കൃഷി നടത്താനുള്ള സഹായം നൽകുന്നത്.അപേക്ഷ ക്ഷണിക്കുമ്പോൾ നികുതി അടച്ച ശീട്ടും ആധാർ കാർഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകിയാൽ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാണ് മത്സ്യക്കുഞ്ഞുങ്ങളെ നൽകുന്നത്. മൊയ്തുട്ടിയുടെ വീട്ടിൽ ഇന്നലെ ആഘോഷമായാണ് വിളവെടുപ്പ് നടന്നത്. മീ‍ൻ വാങ്ങാനും ധാരാളം പേരെത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.പി.മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മത്സ്യത്തീറ്റയുടെ കാര്യത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പഞ്ചായത്ത് പദ്ധതികൾ തയാറാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തംഗം കെ.റുബീന അധ്യക്ഷത വഹിച്ചു. കെ.വൈശാഖ്, ഹന്നത്ത് എടശ്ശേരി, ലത്തീഫ് പള്ളത്ത്, സി.വി.ഷാഫി, ഹസീന തോട്ടത്തിൽ, കെ.ജലീൽ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *