Breaking
Wed. Jul 15th, 2026

‘ഫ്രാൻസിനെ തോൽപിക്കുന്നവർക്ക് ഈ ലോകകപ്പ് വിജയിക്കാം’. ലോകകപ്പിലെ ഫ്രാൻസിന്റെ അപരാജിതക്കുതിപ്പിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ വാചകമായിരുന്നു ഇത്. കിലിയൻ എംബപെയും ഒസ്മാൻ ഡെംബലെയും നയിക്കുന്ന ആക്രമണ നിര ഈ ലോകകപ്പിലെ ഏതു കൊമ്പൻമാരെയും മുട്ടുകുത്തിക്കാൻ പോന്നതാണ്. ലോകകപ്പിൽ ഫ്രാൻസിന്റെ 16 ഗോളുകളിൽ 13 ഉം ഇരുവരുടെയും വകയാണ്. (എംബപെ എട്ടും ഡെംബലെ അഞ്ചും ഗോളുകൾ). എന്നാൽ ഗോളടിവീരന്‍മാര്‍ അവസാന മിനിറ്റുവരെ നിന്നുപൊരുതിയിട്ടും ഒറ്റ ഗോൾ പോലും സെമി ഫൈനലിൽ നേടാൻ കഴിഞ്ഞില്ല. ഒറ്റക്കാരണം മാത്രം സ്പെയിനിന്റെ കടുകട്ടി പ്രതിരോധവും ഗോൾ കീപ്പര്‍ ഉനാസ് സിമോണും. അവിടെയാണ് ഫ്രാൻസിനു കണക്കുകൂട്ടലുകൾ തെറ്റിപ്പോയത്. ഫലം ചരിത്രത്തിലെ രണ്ടാം ഫൈനലിലേക്ക് രണ്ടു ഗോൾ വിജയവുമായി സ്പാനിഷ് നിര മാർച്ച് ചെയ്തു. 20ന് നടക്കുന്ന ഫൈനലിൽ സ്പെയിന് എതിരാളികൾ അർജന്റീനയായാലും ഇംഗ്ലണ്ടായാലും അവർ ഫ്രാൻസിനോളം ഭീഷണിയാകില്ല. ഫ്രാൻസിനെ വീഴ്ത്തിയവർ കപ്പടിക്കുമെന്ന പ്രവചനം ശരിയായാൽ 2010ന് ശേഷം സ്പെയിൻ വീണ്ടുമൊരു ലോകകപ്പ് ഉയർത്തും.

ആദ്യപകുതിയിൽ സ്പാനിഷ് കുതിപ്പ്

മൊറോക്കോയെ ക്വാർട്ടറിൽ നേരിട്ട ടീമിൽ രണ്ടു മാറ്റങ്ങളുമായി ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം ഫ്രാൻസ് ടീമിനെ ഇറക്കിയത്. ഒറെലിയൻ ചൊവേമനിയും ബ്രാഡ്‍ലി ബാർക്കോളയും കളിക്കാനിറങ്ങി. എന്നാൽ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇറക്കാനായിരുന്നു സ്പെയിനിന്റെ തീരുമാനം. ആറാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായ ആദ്യ കോർണർ കിക്കോടെയാണ് മത്സരം ചൂടുപിടിച്ചത്. മിച്ചൽ ഒലിസെയെടുത്ത കോർണറിൽ അഡ്രിയൻ റാബിയോട്ടിന്റെ ശ്രമം ഗോൾ കിക്ക് മാത്രമായി കലാശിച്ചു. ആറാം മിനിറ്റിൽ സ്പാനിഷ് താരം ഡാനി ഒൽമോയെ ബോക്സിനു തൊട്ടുമുന്നിൽ വീഴ്ത്തിയതിന് ഫ്രഞ്ച് താരം അഡ്രിയൻ റാബിയോട്ടിന് യെല്ലോ കാർഡ് ലഭിച്ചു. മറുപടിയിൽ അലക്സ് ബെന എടുത്ത ഫ്രീകിക്ക്, ഫ്രാൻസ് താരങ്ങൾ പ്രതിരോധിച്ചു.

15–ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മിച്ചല്‍ ഒലിസെ ഫൗൾ ചെയ്തു വീഴ്ത്തി. ഫ്രീകിക്കിൽ സ്പെയിനിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാല്‍ പന്തുമായി ഫ്രാൻസ് നടത്തിയ കൗണ്ടർ അറ്റാക്കിൽ ഗോൾ വഴങ്ങാതെ സ്പെയിൻ കഷ്ടിച്ചു പിടിച്ചുനിന്നു. മിച്ചൽ ഒലിസെയുടെ ഗോൾ ശ്രമം സ്പാനിഷ് താരം പെഡ്രോ പോറോ പ്രതിരോധിച്ചു. 20–ാം മിനിറ്റിലെ ഒരു പിഴവിന്റെ പേരിൽ ഫ്രാൻസിന് പെനാൽറ്റി വഴങ്ങേണ്ടിവന്നത് ആദ്യ പകുതിയുടെ ഗതി തന്നെ മാറ്റിയെഴുതി. 20–ാം മിനിറ്റിൽ ഫ്രഞ്ച് ബോക്സിലേക്കു പന്തു നീട്ടി നൽകാൻ സ്പാനിഷ് താരം മാർക് കുക്കുറെല്ലയുടെ ശ്രമം. പന്തിനായി ഓടിക്കയറിയ ലമീൻ യമാലിനെ ഫ്രഞ്ച് താരം ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തി. പെനാൽറ്റി കിക്കെടുത്ത മികേൽ ഒയർസബാൽ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് ലക്ഷ്യം വച്ചു. ഫ്രഞ്ച് ഗോൾ കീപ്പർ ഡൈവ് ചെയ്തെങ്കിലും പ്രതിരോധിക്കാൻ സാധ്യമായില്ല.
സ്പെയിൻ 1–0ന് മുന്നിൽ.
30–ാം മിനിറ്റിൽ ഫ്രാൻസ് താരം വില്യം സലിബ പരുക്കേറ്റു ഗ്രൗണ്ടിൽനിന്നു മടങ്ങിയതും ഫ്രാൻസിനു തിരിച്ചടിയായി. മാക്സെൻസ് ലക്രോയിസ് പകരക്കാരനായി ഇറങ്ങി. 34–ാം മിനിറ്റിൽ പന്തുമായി ഫ്രഞ്ച് ബോക്സിലേക്കു കയറിയ സ്പാനിഷ് താരം അല്ക്സ് ബെനയെ ഫ്രഞ്ച് ഗോൾ കീപ്പർ ഫൗൾ ചെയ്തു. എന്നാൽ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. 36–ാം മിനിറ്റിൽ സ്പാനിഷ് ബോക്സിന്റെ ഇടതു വിങ്ങിൽനിന്നു പന്തുമായി ബ്രാഡ്‍ലി ബാർക്കോളയുടെ നീക്കം. സ്പാനിഷ് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ ബാർക്കോള ബോക്സിനു പുറത്തുനിന്നു ഷോട്ട് എടുത്തെങ്കിലും ബാറിനു മുകളിലൂടെ പന്ത് പുറത്തേക്കാണു പോയത്. 42–ാം മിനിറ്റിൽ പന്തു പിടിച്ചെടുത്ത് ആക്രമണം നയിക്കാനുള്ള ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെയുടെ ശ്രമം ബോക്സിനു പുറത്തേക്ക് ഇറങ്ങി സ്പാനിഷ് ഗോളി ഉനായ് സിമോൺ തടഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *