തിരൂർ : ജില്ലയിലെ അമൃത് ഭാരത് സ്റ്റേഷനുകൾ ഇന്നു പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. പദ്ധതിയിലൂടെ നവീകരണം പൂർത്തിയാക്കിയ തിരൂർ, നിലമ്പൂർ, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളാണ് ഇന്നു ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് 3 സ്റ്റേഷനുകളിലും ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗം നടത്തും. എംപിമാരായ പ്രിയങ്ക ഗാന്ധി, എം.പി.അബ്ദുസമദ് സമദാനി, പി.വി.അബ്ദുൽ വഹാബ്, പി.പി.സുനീർ എന്നിവർ വിവിധ സ്റ്റേഷനുകളിൽ പങ്കെടുക്കും. തിരൂരിൽ കുറുക്കോളി മൊയ്തീൻ എംഎൽഎയും പരപ്പനങ്ങാടിയിൽ പി.എം.എ.സമീർ എംഎൽഎയും നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎയും പങ്കെടുക്കുമെന്ന് റെയിൽവേ ഡിവിഷൻ ഓഫിസ് അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി സ്റ്റേഷനുകളിൽ വിവിധ കലാപരിപാടികളും നടത്തുന്നുണ്ട്. 2023 ഓഗസ്റ്റിലാണ് അമൃത് ഭാരത് പദ്ധതി വഴി നവീകരണങ്ങൾ ആരംഭിച്ചത്. കുറ്റിപ്പുറം സ്റ്റേഷനിൽ നവീകരണം പൂർത്തിയാക്കി തുറന്നു കൊടുത്തിരുന്നു.വൻ വികസനമാണ് റെയിൽവേ സ്റ്റേഷനിൽ പദ്ധതിയിലൂടെ നടപ്പാക്കിയത്.
26.55 കോടി രൂപയാണ് ഇതിനായി റെയിൽവേ ചെലവിട്ടത്. ദിവസം 80 ട്രെയിനുകൾ സർവീസ് നടത്തുന്ന സ്റ്റേഷനിൽ യാത്രക്കാർക്കുള്ള കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സൗന്ദര്യവൽക്കരണവും നടന്നു. ഇവിടെ കെട്ടിടവും പ്ലാറ്റ്ഫോമും നവീകരിച്ചു. എസ്കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിച്ചു. വൈദ്യുതീകരണവും പൂർത്തിയായി. എസി കാത്തിരിപ്പു കേന്ദ്രം, ഡിജിറ്റൽ ലോക്കർ സംവിധാനം, പാർക്കിങ് സൗകര്യം തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. ദിവസം ശരാശരി 23,623 യാത്രക്കാർ സ്റ്റേഷനിലെത്തുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്. ഇത്രയുമാളുകൾക്കു വേണ്ട സൗകര്യങ്ങളെല്ലാം തയാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ തുടക്കത്തിൽ ഇവിടെ 18 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പിന്നീടിത് വർധിപ്പിക്കുക യായിരുന്നു. ഷൊർണൂർ – നിലമ്പൂർ പാതയുടെ ടെർമിനൽ സ്റ്റേഷനായ നിലമ്പൂർ റോഡിൽ 16.44 കോടി രൂപയുടെ വികസനങ്ങളാണ് നടപ്പാക്കിയത്.
സ്റ്റേഷൻ കെട്ടിടം ആധുനികവൽക്കരിച്ചിട്ടുണ്ട്. കവാടങ്ങൾ സൗന്ദര്യവൽക്കരിക്കുകയും ചെയ്തു. പ്ലാറ്റ്ഫോമുകളിൽ ഷെൽറ്ററുകൾ, ഇരിപ്പിടങ്ങൾ, രാത്രി വെളിച്ചം, പാസഞ്ചർ ഗൈഡൻസ് സിസ്റ്റം, കാത്തിരിപ്പു മുറികൾ തുടങ്ങിയവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ആദ്യം 8 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പിന്നീടിത് വർധിപ്പിക്കുകയായിരുന്നു. സ്റ്റേഷനിൽ ഒരു ദിവസം ശരാശരി 6,489 യാത്രക്കാർ എത്തുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്.എൻഎസ്ജി 5 കാറ്റഗറിയിൽ ഉൾപ്പെട്ട ഇവിടെ 14.21 കോടി രൂപയുടെ വികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കിയത്. ദിവസവും ശരാശരി 8,640 യാത്രക്കാരെത്തുന്ന പരപ്പനങ്ങാടിയിൽ ഇവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്കുള്ള നടപ്പാതകൾ, മികച്ച പാർക്കിങ് സൗകര്യം, പ്ലാറ്റ്ഫോം ഷെൽറ്ററുകൾ, മികച്ച ഇരിപ്പിടങ്ങൾ, വൈദ്യുതീകരണം, വിശ്രമമുറികൾ എന്നിവയെല്ലാം തയാറാക്കിയിട്ടുണ്ട്. കവാടത്തിന്റെ സൗന്ദര്യവൽക്കരണവും നടത്തി. ആദ്യം 8.3 കോടി രൂപയാണ് അനുവദിച്ചിരുന്നത്. പിന്നീടിത് വർധിപ്പിക്കുകയായിരുന്നു.

