ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് ന്യൂജഴ്‌സിയിൽ അരങ്ങൊരുങ്ങുമ്പോൾ കളിക്കളത്തിന് പുറത്തും രാഷ്ട്രീയ-കായിക ലോകത്ത് കൗതുകകരമായ നീക്കങ്ങൾ. സ്പെയിനും അർജന്റീനയും തമ്മിൽ ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ വിജയികൾക്ക് ട്രോഫി സമ്മാനിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ടെത്തും. എന്നാൽ, സ്വന്തം രാജ്യം കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഗാലറിയിൽ ട്രംപിനൊപ്പമിരുന്ന് കളി കാണാൻ അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് ഉണ്ടാകില്ല. ഒരു പ്രത്യേക ‘അന്ധവിശ്വാസ’ത്തിന്റെ ഭാഗമായാണ് മിലെയ് യുഎസിലേക്കുള്ള യാത്ര ഒഴിവാക്കിയത്.
യുഎസ്, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിൽ ട്രംപ് പങ്കെടുക്കുന്ന ആദ്യ മത്സരമായിരിക്കും ഇത്. ടൂർണമെന്റിന്റെ ഫൈനലിൽ ട്രംപ് പങ്കെടുക്കുമെന്ന കാര്യം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സ്ഥിരീകരിച്ചു. ട്രംപിന്റെ സാന്നിധ്യം യുഎസ് ചരിത്രത്തിലെ ഏറ്റവും സുരക്ഷിതവും വിജയകരവുമായ ലോകകപ്പിന് തിളക്കമേറിയ സമാപനമായിരിക്കുമെന്ന് ലെവിറ്റ് പറഞ്ഞു. വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫയുടെ സ്വീകരണച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
വിജയികൾക്ക് ട്രംപ് ട്രോഫി സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരത്തേ അറിയിച്ചിരുന്നെങ്കിലും വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് വരുന്നത്. കഴിഞ്ഞ വർഷം ചെൽസി, ക്ലബ്ബ് ലോകകപ്പ് നേടിയപ്പോൾ വേദിയിൽനിന്നു മാറാതെ കളിക്കാർക്കൊപ്പം ട്രംപ് വിജയം ആഘോഷിച്ചതും പിന്നീട് ട്രോഫിയുടെ പകർപ്പ് സ്വന്തം ഓഫിസിൽ സൂക്ഷിച്ചതും വലിയ ചർച്ചയായിരുന്നു. ഇത്തവണ ഫൈനലിൽ ട്രംപ് ആരെ പിന്തുണയ്ക്കുമെന്നത് വ്യക്തമല്ല. നാറ്റോ ഉച്ചകോടിക്കിടെ ഇറാൻ വിഷയത്തിൽ സഹായിച്ചില്ലെന്ന് പറഞ്ഞ് സ്പെയിനെ ട്രംപ് വിമർശിച്ചിരുന്നു. ടൂർണമെന്റിൽ യുഎസ് താരം ഫോളാരിൻ ബലോഗന്റെ ചുവപ്പ് കാർഡ് പിൻവലിക്കാൻ ട്രംപ് ഫിഫയിൽ ഇടപെട്ടതും വിവാദമായി.
ട്രംപും ഫിഫ പ്രസിഡന്റും ക്ഷണിച്ചിട്ടും ന്യൂജഴ്‌സിയിലേക്ക് ഇല്ലെന്ന് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് വ്യക്തമാക്കി കഴിഞ്ഞു. അർജന്റീനയിൽ ‘കബാല’ എന്ന് വിളിക്കുന്ന ആചാരപരമായ വിശ്വാസങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ടൂർണമെന്റിൽ അർജന്റീന കളിച്ച കഴിഞ്ഞ ഏഴു മത്സരങ്ങളും മിലെയ് ഒലിവോസിലെ തന്റെ ഔദ്യോഗിക വസതിയിലിരുന്നാണ് കണ്ടത്. ആ ഏഴു മത്സരങ്ങളിലും അർജന്റീന വിജയിക്കുകയും ചെയ്തു. ഈ ഭാഗ്യം തുടരാനാണ് അദ്ദേഹം നേരിട്ട് കളി കാണാൻ പോകാത്തത്.മാത്രമല്ല, കളി കാണുമ്പോൾ താൻ ധരിക്കുന്ന പ്രത്യേക കമ്പനി ബ്രാൻഡഡ് ജാക്കറ്റും അദ്ദേഹം മാറ്റില്ല.സ്വിറ്റ്‌സർലൻഡിനെതിരെയുള്ള മത്സരത്തിനിടെ ചൂട് കാരണം ജാക്കറ്റ് ഊരിവച്ചപ്പോൾ അർജന്റീനയ്‌ക്കെതിരെ ഗോൾ വീണെന്നും, പിന്നീട് അത് തിരികെ ധരിച്ച ശേഷം ഊരിയിട്ടില്ലെന്നും മിലെയ് ഒരു റേഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തി.
അർജന്റീനയിൽ ഫുട്ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം അന്ധവിശ്വാസങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വസ്ത്രം കഴുകാതെ ഉപയോഗിക്കുക, കളി കാണുന്ന സ്ഥലം മാറ്റാതിരിക്കുക, എതിർ ടീമിലെ കളിക്കാരുടെ പേരെഴുതി ഫ്രീസറിൽ വയ്ക്കുക തുടങ്ങി നിരവധി ആചാരങ്ങൾ അർജന്റീനൻ ആരാധകർക്കിടയിലുണ്ട്. ഇതിനൊക്കെ പുറമെ, 1990ൽ അന്നത്തെ പ്രസിഡന്റ് കാർലോസ് മെനം ടീമിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ കാമറൂണിനോട് അർജന്റീന തോറ്റ ചരിത്രവുമുണ്ട്. അന്ന് മുതൽ പ്രസിഡന്റുമാർ കളി കാണാൻ വരുന്നത് ടീമിന് നിർഭാഗ്യം കൊണ്ടുവരുമെന്ന ഭയം അർജന്റീനയിലുണ്ട്.എന്തായാലും, ഗാലറിയിൽ ട്രംപ് ട്രോഫിയുമായി കാത്തിരിക്കുമ്പോൾ തന്റെ ജാക്കറ്റുമിട്ട് വസതിയിലിരുന്ന് അർജന്റീനയുടെ തുടർച്ചയായ രണ്ടാം ലോകകിരീടത്തിനായി പ്രാർഥിക്കുകയാവും ഹാവിയർ മിലെയ്.

