Breaking
Fri. Jul 17th, 2026

സംസ്ഥാനത്ത് മഴയുടെ കുറവും വൈദ്യുതി ലഭ്യതയിലെ പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ, ഈ വർഷം കേരളത്തിൽ വൈദ്യുതി നിയന്ത്രണം പതിവാകാൻ സാധ്യതയുണ്ടെന്ന് സൂചന. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിയാത്തപക്ഷം മഴയില്ലാത്ത ദിവസങ്ങളിലെല്ലാം ലോഡ് ഷെഡിങ് വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യം തുടർന്നാൽ ഡിസംബർവരെയെങ്കിലും നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ആദ്യഘട്ടത്തിൽ 15 മുതൽ 30 മിനിറ്റ് വരെ മാത്രം വൈദ്യുതി നിയന്ത്രിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇപ്പോൾ പല പ്രദേശങ്ങളിലും ഒരു മണിക്കൂർവരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ബുധനാഴ്ച മാത്രം 485 മുതൽ 628 മെഗാവാട്ട് വരെ വൈദ്യുതി നിയന്ത്രിക്കേണ്ടിവന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് മഴയുടെ കുറവ് മൂലം താപനില നാല് മുതൽ അഞ്ച് ഡിഗ്രിവരെ ഉയർന്നതോടെ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചു. ബുധനാഴ്ചത്തെ ഉപഭോഗം ഒമ്പത് കോടി യൂണിറ്റിലെത്തി. ജൂലൈ മാസത്തിൽ കെ.എസ്.ഇ.ബി. പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന ഉപഭോഗമാണിത്. പല ദിവസങ്ങളിലും വൈദ്യുതി ആവശ്യകതയിൽ ആയിരം മെഗാവാട്ട് വരെ അധികഭാരം അനുഭവപ്പെടുന്നുണ്ടെന്നും അധികൃതർ പറയുന്നു.

മഴക്കാലത്തുപോലും അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നത് പൊതുജനങ്ങൾക്കും വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രാജ്യവ്യാപകമായി എൽ നിനോയുടെ സ്വാധീനത്തെ തുടർന്ന് വൈദ്യുതി ലഭ്യത കുറഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിശദീകരിച്ചു. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷം വൈദ്യുതി നിയന്ത്രണത്തെ ‘ഇന്ദിരാ കട്ട്’ എന്ന് വിശേഷിപ്പിച്ച് സർക്കാരിനെ വിമർശിക്കുകയാണ്.

നിലവിൽ മഴയില്ലാത്ത ദിവസങ്ങളിൽ 500 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നത്. ഈ കുറവ് നികത്താൻ മഴ ലഭിക്കുകയോ പവർ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യത മെച്ചപ്പെടുകയോ വേണം. എന്നാൽ പവർ എക്‌സ്‌ചേഞ്ചിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ല. സ്വകാര്യ ഉത്പാദകർ യൂണിറ്റിന് 10 രൂപ നിരക്കിൽ 24 മണിക്കൂറും വൈദ്യുതി വാങ്ങണമെന്ന വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നതും കേരളത്തിന് പ്രായോഗികമല്ല. അതിനാൽ ജനങ്ങൾ വൈദ്യുതി ഉപഭോഗം കുറയ്ക്കുക മാത്രമാണ് നിലവിൽ കെ.എസ്.ഇ.ബി.യ്ക്ക് മുന്നിലുള്ള പ്രധാന മാർഗം. എന്നാൽ അതും ഫലപ്രദമാകുമോയെന്നത് സംശയമാണ്

Related Post

Leave a Reply

Your email address will not be published. Required fields are marked *