Breaking
Fri. Jul 17th, 2026

നഗരത്തിൽ മികച്ച അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘സിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ രണ്ടാംഘട്ട അവലോകന യോഗം വെള്ളിയാഴ്ച മലപ്പുറത്ത് ചേരും. രാവിലെ 10.30 മുതൽ മലപ്പുറം പി.ഡബ്ല്യു.ഡി ഗെസ്റ്റ് ഹൗസിലാണ് യോഗം. വ്യവസായ-ഐ.ടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തത്. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ വിനോദ്, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മലപ്പുറം മുൻസിപ്പൽ ചെയർമാൻ, പൂക്കോട്ടൂർ, മൊറയൂർ, കോടൂർ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും യോഗത്തിൽ പങ്കാളികളാകും.

മലപ്പുറം നഗരത്തിലേക്കുള്ള പ്രധാന റോഡുകളുടെ വികസനമാണ് മുഖ്യ അജണ്ട. അങ്ങാടിപ്പുറം മുതൽ രാമനാട്ടുകര വരെയുള്ള ദേശീയപാതയുടെ വികസനം കേന്ദ്ര സർക്കാറിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നതിന് പദ്ധതി തയാറാക്കും. മക്കരപ്പറമ്പിലെയും മോങ്ങ ത്തെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള കൃത്യമായ പദ്ധതിയും ഇതിന്റെ ഭാഗമായി തയാറാക്കും. വേങ്ങര-മലപ്പുറം, കോട്ടക്കൽ-മലപ്പുറം, മഞ്ചേരി-മലപ്പുറം റോഡുകളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. കൂടുതൽ സ്ഥലമേറ്റെടുത്ത് നിലവിലുള്ള പാതകൾക്ക് വീതികൂട്ടി ഇരട്ടിപ്പിക്കാനും ഗതാഗതം സുഗമമാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പാതകളെ ‘ഡിസൈൻ റോഡുകൾ’ ആക്കി മാറ്റുന്നതിനൊപ്പം റോഡിന്റെ ഇരുവശങ്ങളിലും സൗന്ദര്യവത്കരണ പ്രവൃത്തികളും നടപ്പിലാക്കും.

മലപ്പുറം നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഒന്നാംഘട്ട യോഗം നേരത്തെ തിരുവനന്തപുരത്ത് ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പദ്ധതി പ്രദേശത്ത് തന്നെ രണ്ടാംഘട്ട യോഗം ചേരുന്നത്. യോഗത്തിന് ശേഷം മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടും നഗരത്തിന്റെ വിവിധ ഭാഗങ്ങളും നേരിട്ട് സന്ദർശിച്ച് പദ്ധതിയുടെ പ്രായോഗിക വശങ്ങൾ വിലയിരുത്തും.

Related Post

Leave a Reply

Your email address will not be published. Required fields are marked *