Breaking
Fri. Jul 17th, 2026

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ അനുവദിക്കുന്നതിൽ പലയിടത്തും അപ്രഖ്യാപിത നിയന്ത്രണം. പശ്ചിമേഷ്യൻ സംഘർഷത്തിത്തിന്‍റെ പശ്ചാത്തലത്തിൽ പാചകവാതക മേഖല യിൽ ഉടലെടുത്ത പ്രതിസന്ധിയുടെ മറവിലാണ് പുതിയ കണക്ഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എണ്ണക്കമ്പനികൾ ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ പുതിയ കണക്ഷൻ നൽകാനാവില്ലെന്നാണ് ഏജൻസികളുടെ നിലപാട്. ഇത് പലപ്പോഴും ഉപഭോക്താക്കളും ഏജൻസി അധികൃതരും തമ്മിലെ വാക്കുതർക്കങ്ങ ളിലേക്കും നീങ്ങുന്നു. അതേസമയം, ജില്ലയിലെ ചില പ്രദേശങ്ങളിൽ ഗാർഹിക, വാണിജ്യ കണക്ഷനുകൾ യാതൊരു തടസ്സവും കൂടാതെ ലഭിക്കുന്നുമുണ്ട്.

കൈമലർത്തി ഏജൻസികൾ

പുതിയ കണക്ഷന് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനികളുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ എണ്ണക്കമ്പനി അധികൃതർ കള്ളക്കളി തുടരുകയാണെന്നാണ് ആക്ഷേപം. ഓൺലൈനായി പുതിയ പാചകവാതക കണക്ഷന് അപേക്ഷിക്കുന്നതിനുള്ള സംവിധാനം പ്രധാന എണ്ണക്കമ്പനി കളുടെയെല്ലാം പോർട്ടലുകളിൽ പ്രവർത്തനക്ഷമമാണ്. ഇതനുസരിച്ച് അപേക്ഷ നൽകുന്നവർക്ക് അത് സ്വീകരിച്ചതായി സ്ഥിരീകരിച്ച് ഐ.ഡി നമ്പറും നൽകുന്നുണ്ട്. അപേക്ഷ ബന്ധപ്പെട്ട പാചകവാതക ഏജൻസിക്ക് കൈമാറിയിട്ടുണ്ടെന്ന അറിയിപ്പ് കൂടി ലഭിക്കുന്നതോടെ അപേക്ഷയുടെ രേഖകളുമായി ഉപഭോക്താക്കൾ ഏജൻസികളിലെത്തുമ്പോൾ തങ്ങൾക്ക് ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കണക്ഷൻ അനുവദിക്കാനാവില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

കണക്ഷൻ രേഖയിൽ മാത്രം:

ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് നിങ്ങളുടെ അപേക്ഷ ബന്ധപ്പെട്ട വിതരണക്കാരന് കൈമാറിയിട്ടുണ്ടെന്ന അറിയിപ്പിനൊപ്പം ഉപഭോക്താവിന്‍റെ രജിസ്ട്രേഷൻ നമ്പറും ഉൾപ്പെടുത്തിയ മറുപടി കൃത്യമായി നൽകുന്നുണ്ട്. ഉപഭോക്താവ് നൽകിയ വിലാസത്തിൽ അധിക പാചക വാതക കണക്ഷൻ ഉണ്ടോഎന്ന കാര്യം ഓൺലൈനായി പരിശോധിച്ച ശേഷം അപേക്ഷയുടെ തൽസ്ഥിതി ഇ-മെയിൽ വഴിയോ എസ്.എം.എസ് വഴിയോ അറിയിക്കുമെന്നും മറുപടി കത്തിലുണ്ട്. എന്നാൽ, പുതിയ കണക്ഷന് അപേക്ഷിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങളൊന്നും ഇപ്പോൾ തങ്ങൾക്ക് ലഭിക്കാറില്ല എന്നാണ് വിതരണ ഏജൻസികൾ പറയുന്നത്. അതേസമയം, കണക്ഷന് വേണ്ടി കാത്തിരിക്കുന്നവർക്ക് അവസാനം എണ്ണക്കമ്പനിയിൽ നിന്ന് ലഭിക്കുന്ന സന്ദേശം നിങ്ങൾ പുതിയ കണക്ഷൻ സ്വീകരിക്കാത്തതിനാൽ അപേക്ഷ റദ്ദാക്കി എന്നായിരിക്കും. അനുവദിക്കാത്ത കണക്ഷൻ എങ്ങനെ സ്വീകരിക്കുമെന്നാണ് ഉപഭോക്താക്കളുടെ ചോദ്യം.

മാസങ്ങൾ നീളുന്ന കാത്തിരിപ്പ്

നിയന്ത്രണമുണ്ടെങ്കിൽ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെക്കുകയോ അപേക്ഷ സ്വീകരിച്ചാൽ കണക്ഷൻ അനുവദിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾക്ക് കൃത്യമായ നിർദേശം നൽകുകയോ ചെയ്യണമെന്നും ഉപഭോക്താക്കൾ പറയുന്നു. മൂന്നും നാലും മാസങ്ങൾക്ക് മുമ്പ് വരെ അപേക്ഷ നൽകിയ ഗാർഹിക ഉപഭോക്താക്കൾ ഇപ്പോഴും കണക്ഷന് കാത്തിരിപ്പ് തുടരുകയാണ്.

എണ്ണക്കമ്പനികളിൽ നിന്ന് വ്യക്തമായ നിർദേശമില്ലാതെ കണക്ഷൻ അനുവദിക്കാനാവില്ലെന്ന് ഏജൻസികൾ പറയുന്നു. പുതിയ കണക്ഷൻ നൽകുന്നത് നിർത്തിവെച്ചതായി എണ്ണക്കമ്പനികൾ പര്യസമായി സമ്മതിക്കുന്നില്ലെങ്കിലും ഓൺലൈനായി നൽകുന്ന അപേക്ഷ തുടർനടപടികൾക്കായി ഏജൻസികൾക്ക് കൈമാറുന്നില്ല. ഇതേക്കുറിച്ച ചോദ്യങ്ങൾക്ക് എണ്ണക്കമ്പനി അധികൃതർ മൗനം പാലിക്കുകയാണ്. അതേസമയം, വില കൂടിയ വാണിജ്യ കണക്ഷനുകൾ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *