പെരുമഴയത്ത് ഗോവയിലെ കാടും മലയും പുഴയും പാറക്കെട്ടും ചെളിക്കുണ്ടുമൊക്കെ പുല്ലുപോലെ കടന്ന് വിജയക്കൊടി നാട്ടി മലപ്പുറം കേന്ദ്രമാക്കിയുള്ള ഓഫ് റോഡ് സംഘം. ലോകത്തിലെ ഏറ്റവും സാഹസികമായ 5 മോട്ടർ സപോർട്സ് മത്സരങ്ങളിൽ ഒന്നും രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞതുമായ റെയിൻ ഫോറസ്റ്റ് ചാലഞ്ച് ഓഫ് റോഡ് മത്സരത്തിലാണ് കെഎൽ 10 ഓഫ്റോഡ് ക്ലബ്ബിന്റെ ടീമുകൾ താരമായത്. ക്ലബ് അംഗങ്ങൾ 2 ഇനങ്ങളിൽ ചാംപ്യൻമാരും ഓവറോൾ ഫസ്റ്റ് റണ്ണറപ്പുമായി. മറ്റു സ്ഥാനങ്ങളും നേടി കെഎൽ 10 ഓഫ്റോഡ് ക്ലബ് വീണ്ടും അഭിമാനമുയർത്തി.2 വർഷമായി ഗോവയിൽ നടക്കുന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 62 ടീമുകളാണ് ഇത്തവണ പങ്കെടുത്തത്. മോഡിഫൈഡ് വിഭാഗത്തിൽ 1600 സിസിക്കും 3010 സിസിക്കും ഇടയിലുള്ള വാഹനങ്ങളുടെ മത്സരത്തിൽ പട്ടാമ്പി സ്വദേശി ടി.പി.ഷെഹിൻ ഷാ , മലപ്പുറം കോഡൂർ സ്വദേശി പി.മുഹമ്മെദ് നബീൽ എന്നിവരടങ്ങുന്ന ടീം ചാംപ്യൻമാരായി. ഇവരാണ് ഓവറോൾ വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പായത്.

