Breaking
Thu. Oct 1st, 2026

തിരൂർ മേഖലയിലെ താമര കർഷകർ വലിയ പ്രതിസന്ധിയിലാണ്.

തിരൂർ : ഓണക്കാലം കഴിയുകയും ആവശ്യക്കാർ കുറയുകയും ചെയ്തതോടെ പ്രതിസന്ധിയിലായി താമരക്കർഷകർ. ഹെക്ടർ കണക്കിനു കായലുകളിലാണ് വാങ്ങാനാളില്ലാതെ താമരമൊട്ടുകൾ വിടർന്നു കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തവണ ഗണേശോത്സവം സമയം മാറിവന്നതും കർഷകർക്കു തിരിച്ചടിയായി. തിരുനാവായ, വലിയപറപ്പൂർ, കൊടയ്ക്കൽ, തിരുത്തി, ചാലിയാർ, അജിതപ്പടി, പല്ലാർ എന്നിവിടങ്ങളിലായി രണ്ടായിരം ഹെക്ടറോളം വരുന്ന കായലുകളിലാണ് തിരുനാവായയിലെ കർഷകർ താമരപ്പൂക്കൃഷി നടത്തുന്നത്. ചെന്താമരയാണ് കൂടുതൽ വിളയിക്കുന്നത്. ഈ പൂവിന്റെ മൊട്ടിനാണ് ആവശ്യക്കാരുള്ളത്. ഒന്നിന് 8 രൂപയോളം വിലയുണ്ട്. ചില സമയങ്ങളിൽ വില 2 രൂപയായി താഴ്ന്നുപോകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് ഇവിടെനിന്നുള്ള താമരകൾ കൂടുതലായി കയറിപ്പോകുന്നത്. കർണാടകയിലും തിരുനാവായയിലെ താമരയ്ക്ക് ആവശ്യക്കാരുണ്ട്.

ഇത്തവണ കായലുകളിലെല്ലാമായി ഒരു ലക്ഷത്തോളം താമരകൾ വിരിഞ്ഞിട്ടുണ്ടെന്നാണ് കർഷകൻ മമ്മിളിയത്ത് ജനാർദനൻ പറയുന്നത്. മിക്ക പൂക്കളും വാടിത്തുടങ്ങിയിട്ടുണ്ട്. പൂജാ സീസണിൽ ആവശ്യക്കാർ വരുമെങ്കിലും അപ്പോൾ ഉൽപാദനം കുറയാനിടയുണ്ടെന്നും ജനാർദനൻ പറയുന്നു. താമരകൊണ്ട് വിവിധ പലഹാരങ്ങൾ ഉൾപ്പെടെ പല ഭക്ഷ്യവിഭവങ്ങളും ഔഷധങ്ങളുമുണ്ടാക്കാം. 2021 ജനുവരിയിൽ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവും പരിസ്ഥിതി സംഘടന റീ എക്കോയും ചേർന്ന് ഇത്തരം ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുത്തുന്ന താമരമേളയും നടത്തിയിരുന്നു. 2020 ജനുവരിയിൽ തിരുനാവായയെ പുഷ്പഗ്രാമമായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടപടികളുമുണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. താമരത്തണ്ടിലെ കറ ഉപയോഗിച്ച് പട്ടുനൂൽ പോലെ ഗുണമേന്മയുള്ള നൂലുകൾ നിർമിക്കാനാകുമെന്നും കർഷകർ പറയുന്നുണ്ട്.

ഇതിനെല്ലാമുള്ള ഇടപെടലുകൾ നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തകനായ സൽമാൻ കരിമ്പനയ്ക്കൽ ആവശ്യപ്പെട്ടു. പക്ഷിഗ്രാമം കൂടിയായ തിരുനാവായയിലേക്ക് ദേശാടനപ്പക്ഷികളെ ആകർഷിച്ചതും താമര വിരിയുന്ന കായലുകളാണ്. വിലയിലും വിളവിലുമുള്ള സ്ഥിരതയില്ലായ്മ മാത്രമല്ല, തൊഴിലാളി ക്ഷാമവും കായലുകളിലെ ആഫ്രിക്കൻ പായലും കീടങ്ങളും പ്രളയവുമെല്ലാം കർഷകരെ തളർത്തുന്നുണ്ട്. സർക്കാരിൽ നിന്ന് സഹായം ലഭിക്കാത്തതും കർഷകരുടെ പ്രതീക്ഷകൾ തകർക്കുകയാണ്. കടം വാങ്ങി നടത്തുന്ന കൃഷി പലർക്കും വൻ നഷ്ടമാണ് നൽകുന്നത്. ഉടനടി ഇടപെടൽ നടത്തിയില്ലെങ്കിൽ തിരുനാവായയിലെ താമരക്കൃഷിയിൽനിന്ന് കർഷകർ പിന്മാറിയേക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *