Breaking
Mon. Oct 26th, 2026

കലിക്കറ്റ് സർവകലാശാലയിലെ ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചു.

തേഞ്ഞിപ്പലം: ഇടിമിന്നലിനെത്തുടർന്ന് തകരാറിലായ കലിക്കറ്റ് സർവകലാശാലയിലെ ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചു. രണ്ടുദിവസമായി തടസ്സപ്പെട്ട സർവകലാശാലാ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങി.

വ്യാഴാഴ്ച വൈകിട്ടാണ് ഇന്റർനെറ്റ് സംവിധാനത്തിന്റെ സുരക്ഷാ കവചമായ ഫയർവാൾ ഇടിമിന്നലിൽ തകരാറിലായത്. ഇതോടെ സർവകലാശാലയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവയ്ക്കേണ്ടിവരികയും ചെയ്തു.

അഹമ്മദാബാദിൽനിന്ന് വിമാനമാർഗം ബെംഗളൂരുവിലെത്തിച്ച ഫയർവാൾ ഞായറാഴ്ച രാവിലെ സർവകലാശാലയിലെത്തിച്ചു. കൊച്ചിയിൽനിന്നെത്തിയ കമ്പനി ജീവനക്കാരന്റെ സാന്നിധ്യത്തിലാണ് ഫയർവാൾ മാറ്റിസ്ഥാപിച്ചത്. ഇതോടെയാണ് ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചത്.

പ്രാഥമിക പരിശോധനയിൽ സർവറുകൾക്ക് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ജീവനക്കാരെത്തി വിശദമായി പരിശോധിച്ചശേഷമേ മറ്റ് പ്രശ്നങ്ങളുണ്ടോയെന്ന് വ്യക്തമാകൂ.

ഇന്റർനെറ്റ് തടസ്സത്തെത്തുടർന്ന് ആവശ്യങ്ങൾക്കായി സർവകലാശാലയിലെത്തിയ നിരവധി വിദ്യാർഥികൾക്ക് സേവനങ്ങൾ ലഭിക്കാതെ മടങ്ങേണ്ടിവന്നിരുന്നു. പരീക്ഷകൾ മാറ്റിവച്ചതും വിദ്യാർഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കി.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *