കുറ്റനാട്: ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പി. എൻ. അംബികയ്‌ക്കെതിരെ സിപിഐ എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. ഇതോടെ പഞ്ചായത്തിലെ യുഡിഎഫ് ഭരണത്തിന് അന്ത്യമായി.
പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്. കോൺഗ്രസ്–ബിജെപി കൂട്ടുകെട്ടിനെതിരെയാണ് സിപിഐ എം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
വെള്ളിയാഴ്ച രാവിലെ 11ന് ചേർന്ന ഭരണസമിതി യോഗത്തിൽ സിപിഐ എമ്മിലെ ഏഴ് അംഗങ്ങളും ലീഗിലെ മൂന്ന് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. കോൺഗ്രസിലെ ആറംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല. ബിജെപി അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
കഴിഞ്ഞ ഭരണസമിതി നിയമിച്ച താൽക്കാലിക ജീവനക്കാരിൽ ഒരാളൊഴികെ എല്ലാവരെയും പിരിച്ചുവിട്ടതും ഒരാൾക്ക് വീണ്ടും നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കവും ഭരണസമിതിയിൽ ഭിന്നത രൂക്ഷമാക്കി. വിഷയത്തിൽ ലീഗ് നിസ്സഹകരണം തുടരുകയും ചെയ്തിരുന്നു.
അവിശ്വാസ പ്രമേയം വിജയിച്ചതിനു പിന്നാലെ സിപിഐ എം പ്രവർത്തകർ ആനക്കരയിൽ ആഹ്ലാദപ്രകടനം നടത്തി. മതനിരപേക്ഷ നിലപാടുകളുടെ വിജയമാണ് ഇതെന്ന് സിപിഐ എം വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

