Thu. Nov 5th, 2026

കുറ്റിപ്പുറം മിനി പമ്പയിൽ മണ്ഡലകാല ഒരുക്കങ്ങൾ തുടങ്ങി.

കുറ്റിപ്പുറം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമകേന്ദ്രം ഒരുക്കുകയാണ് ലക്ഷ്യം.

വി.എസ്. ജോയ് എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മിനി പമ്പ പരിസരത്ത് ശുചീകരണം ആരംഭിച്ചത്.

ഭക്തർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും വിരിവയ്ക്കാനും ശുദ്ധജലം ലഭ്യമാക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കും. കുറ്റിപ്പുറം നിളയോരം പാർക്കിലെ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിലാണ് പരിസരം വൃത്തിയാക്കുന്നത്. മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം പാർക്കിങ്ങിനായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിവിധ ഭാഷകളിലുള്ള സൂചനാ ബോർഡുകൾ, വൊളന്റിയർമാരുടെ സേവനം, പൊലീസ് സാന്നിധ്യം, ഫയർഫോഴ്സ് സഹായം, ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യസഹായം എന്നിവയും ഉറപ്പാക്കും. ഡിടിപിസിയുടെ ബോട്ട് സേവനവും ലൈഫ് ഗാർഡുമാരുടെ സേവനവും ലഭ്യമാക്കും.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, തവനൂർ പഞ്ചായത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത്, അയ്യപ്പ സേവാ സംഘടനകൾ, ഡിടിപിസി, ശുചിത്വ മിഷൻ, തഹസിൽദാർ, മരാമത്ത് വകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി എന്നിവയുടെ ഏകോപനത്തിലാണ് മണ്ഡലകാല ഒരുക്കങ്ങൾ.

Related Post

Leave a Reply

Your email address will not be published. Required fields are marked *