Breaking
Thu. Nov 12th, 2026

അച്ഛന് ഭാഗം കിട്ടിയ മുത്തച്ഛന്റെ സ്വത്തില്‍ പേരക്കുട്ടിക്ക് ജന്മാവകാശമില്ല: സുപ്രീംകോടതി

മുത്തച്ഛന്റെ സ്വത്ത് നിയമപ്രകാരം അച്ഛന് ലഭിക്കുകയും പിന്നീട് കുടുംബവിഭജനത്തിലൂടെ അച്ഛന്റെ പേരില്‍ പ്രത്യേക സ്വത്തായി മാറുകയും ചെയ്താല്‍ അതില്‍ മകന് ജന്മാവകാശം ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ലഭിക്കുന്ന സ്വത്ത് അച്ഛന്റെ വ്യക്തിഗത സ്വത്തായിരിക്കുമെന്നും അതില്‍ മകന് ജന്മാവകാശം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ അഗസ്റ്റിന്‍ ജോര്‍ജ് മസിഹ്, സുനിത അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.മുത്തച്ഛന്റെ സ്വത്ത് കുടുംബവിഭജനത്തിലൂടെ അച്ഛന് ലഭിച്ചതാണെന്നും അതില്‍ പകുതി ഓഹരിക്ക് തനിക്ക് അവകാശമുണ്ടെന്നും ആവശ്യപ്പെട്ട് മകന്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 1997ലാണ് കേസിനാസ്പദമായ ഹര്‍ജി ഫയല്‍ ചെയ്തത്. മുത്തച്ഛന്റെ സ്വത്ത് കുടുംബസ്വത്താണെന്നും അത് പിതാവിന് ലഭിച്ചതിലൂടെ തനിക്കും അതില്‍ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മ മുഖേനയാണ് കോടതിയെ സമീപിച്ചത്.മലപ്പുറം ന്യൂസ്‌.

മുത്തച്ഛന്റെ സ്വത്ത് വിഭജിക്കുന്നതിനായി പിതാവിന്റെ സഹോദരി നല്‍കിയ കേസില്‍ 1994ല്‍ ഒത്തുതീര്‍പ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ഒരു ഭാഗം പിതാവിന് ലഭിച്ചു. പിന്നീട് 1997ല്‍ പിതാവ് ഈ ഭൂമി മറ്റ് രണ്ട് വ്യക്തികള്‍ക്ക് വില്‍ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് മകന്‍ പകുതി ഓഹരി ആവശ്യപ്പെട്ടത്. എന്നാല്‍, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം പിതാവിന് ലഭിച്ച സ്വത്ത് അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്താണെന്നും മകന് അതില്‍ ജന്മാവകാശമില്ലെന്നും അപ്പീല്‍ കോടതി നിരീക്ഷിച്ചു.

മദ്രാസ് ഹൈക്കോടതിയും ഈ നിലപാട് ശരിവച്ചു. ഇതിനെതിരെയാണ് മകന്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ഒരാള്‍ വില്‍പത്രം എഴുതാതെ മരിച്ചാല്‍ അദ്ദേഹത്തിന്റെ സ്വത്ത് ഒന്നാം വിഭാഗത്തിലെ നിയമപരമായ അവകാശികള്‍ക്കാണ് ലഭിക്കുക. മകന്റെ മകന്‍ ഈ വിഭാഗത്തില്‍ നേരിട്ടുള്ള അവകാശിയായി ഉള്‍പ്പെടുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

മുത്തച്ഛന്റെ മരണത്തോടെ സ്വത്ത് ഒന്നാം വിഭാഗത്തിലെ അവകാശികളിലേക്ക് കൈമാറിയെന്നും തുടര്‍ന്ന് നടന്ന വിഭജനത്തിലൂടെ ഓരോരുത്തര്‍ക്കും ലഭിച്ച ഓഹരി അവരുടെ വ്യക്തിഗത സ്വത്തായി മാറിയെന്നും കോടതി വ്യക്തമാക്കി.മുത്തച്ഛന്റെ സ്വത്ത് വിഭജിക്കപ്പെട്ടതോടെ സംയുക്ത കുടുംബസ്വത്ത് എന്ന നില ഇല്ലാതായി.

അച്ഛന് ലഭിച്ച സ്വത്ത് അദ്ദേഹത്തിന്റെ വ്യക്തിഗത ഉടമസ്ഥതയിലുള്ളതായതിനാല്‍ മകന് ജന്മാവകാശത്തിന്റെ പേരില്‍ അതില്‍ പങ്ക് ആവശ്യപ്പെടാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ മദ്രാസ് ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി അപ്പീല്‍ തള്ളി. ചെലവ് തുക ചുമത്താതെയാണ് കോടതി അപ്പീല്‍ ഹര്‍ജി തള്ളിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *