Breaking
Thu. Nov 12th, 2026

കേന്ദ്ര സർക്കാർ ജീവനക്കാർക്കിനി 1.8 ലക്ഷം രൂപയുടെ ലാപ്ടോപ് ലഭിക്കും; 4 വർഷത്തിനുശേഷം കൈവശംവെക്കാം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തങ്ങൾ ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും പണം നൽകാതെ തന്നെ കൈവശം വെക്കാൻ അവസരം ഒരുങ്ങുന്നു. അർഹതപ്പെട്ട ജീവനക്കാർക്കായി നികുതികൾ ഉൾപ്പെടെ 1.8 ലക്ഷം രൂപവരെ വിലയുള്ള ഉപകരണങ്ങൾ വാങ്ങാൻ വകുപ്പുകൾക്ക് ധനമന്ത്രാലയം അനുമതി നൽകി. നാലുവർഷത്തെ ഉപയോഗത്തിനുശേഷം ജീവനക്കാർക്ക് ഈ ഉപകരണം കൈവശംവെക്കുകയും ചെയ്യാം.സെക്ഷൻ ഓഫീസർ പദവിയിലും അതിനുമുകളിലുമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് ഉപകരണങ്ങൾ ലഭിക്കാൻ അർഹതയുള്ളത്. ധനകാര്യ മന്ത്രാലയം ഉപകരണങ്ങൾ വാങ്ങൽ നയം കഴിഞ്ഞദിവസമാണ് പരിഷ്കരിച്ചത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനായി അർഹരായ ഉദ്യോഗസ്ഥർക്ക് ലാപ്‌ടോപ്പ്, ടാബ്ലെറ്റ്, നോട്ട്പാഡ്, അൾട്രാ-ബുക്ക്, നോട്ട്ബുക്ക്, സമാന വിഭാഗത്തിലുള്ള ഉപകരണങ്ങൾ എന്നിവ നൽകാം എന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

2023 ജൂലായിയിലെ നിർദ്ദേശങ്ങൾക്ക് പകരമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വന്നിരിക്കുന്നത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഉപകരണത്തിന്റെ വില നികുതി ഉൾപ്പെടെ 1.50 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. എന്നാൽ 40 ശതമാനത്തിലധികം മെയ്ക്ക് ഇൻ ഇന്ത്യ (MII) ഘടകങ്ങളുള്ള ഉപകരണങ്ങൾക്ക്, വിലപരിധി നികുതി ഉൾപ്പെടെ 1.80 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് സോഫ്റ്റ്വെയറിന്റെ വിലയും ഈ വിലപരിധിയിൽ ഉൾപ്പെടുന്നു. 2023 ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇത്തരം ഉപകരണങ്ങളുടെ വിലപരിധി യഥാക്രമം 1 ലക്ഷം രൂപയും 1.3 ലക്ഷം രൂപയുമായിരുന്നു.

ഒരു മന്ത്രാലയത്തിലെ പേ ലെവൽ 12-ഉം അതിനുമുകളിലും ഉള്ള എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഈ ഉപകരണങ്ങൾ ലഭിക്കാൻ അർഹതയുണ്ടാകും. പേ ലെവൽ 8 മുതൽ 11 വരെയുള്ള വകുപ്പുകളിലെ 50 ശതമാനം ഉദ്യോഗസ്ഥർക്ക് മാത്രമേ ഉപകരണങ്ങൾക്ക് അർഹതയുണ്ടാവുകയുള്ളൂ. എന്നാൽ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയോ വകുപ്പിന്റെ സെക്രട്ടറിക്ക് ഫിനാൻഷ്യൽ അഡ്വൈസറുമായി ആലോചിച്ച് ഈ തസ്തികകളിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനപരമായ ആവശ്യകതകൾ അടിസ്ഥാനമാക്കി 75 ശതമാനമായി ഈ അർഹത ഉയർത്താവുന്നതാണ്.

വാങ്ങിയ തീയതി മുതൽ നാല് വർഷംവരെ ഉപകരണം സർക്കാരിന്റെ ഉടമസ്ഥത യിലായിരിക്കും.  എന്നാൽ ഉപകരണം കൈപ്പറ്റുന്ന ഉദ്യോഗസ്ഥൻ ഡാറ്റയുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. നാല് വർഷത്തെ ഉപയോഗം പൂർത്തിയാക്കിയശേഷം, ഉദ്യോഗസ്ഥന് തനിക്ക് നൽകിയ ഉപകരണം കൈവശം വെക്കാവുന്നതാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *