Breaking
Wed. Nov 11th, 2026

പൊന്നാനി കോൾ മേഖലയിലെ എട്ടുകോടിയുടെ ടെൻഡർ റദ്ദാക്കി കെഎൽഡിസി

എസ്റ്റിമേറ്റിൽ ഉയർന്ന തുക ഉൾപ്പെടുത്തിയെന്ന് കണ്ടെത്തൽ; ഈ സീസണിലെ പ്രവൃത്തികൾ പ്രതിസന്ധിയിൽ

പൊന്നാനി: കോൾ മേഖലയിലെ വിവിധ വികസന പ്രവൃത്തികൾക്കായി ക്ഷണിച്ച എട്ടുകോടി രൂപയുടെ ടെൻഡർ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎൽഡിസി) റദ്ദാക്കി. റീബിൽഡ് കേരള പദ്ധതിയുടെ സേവിങ്സ് ഫണ്ട് ഉപയോഗിച്ച് വിവിധ പാടശേഖരങ്ങളിൽ നടപ്പാക്കാനിരുന്ന പ്രവൃത്തികളുടെ ടെൻഡറാണ് റദ്ദാക്കിയത്.

ബണ്ട് നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് സാധാരണ ചെലവിനേക്കാൾ ഉയർന്ന തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയതായി ചീഫ് ടെക്നിക്കൽ എക്സാമിനർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുറഞ്ഞ എസ്റ്റിമേറ്റിൽ വീണ്ടും ടെൻഡർ ക്ഷണിക്കാൻ നിർദേശം നൽകിയതായാണ് വിവരം.

കോൾ മേഖലയിലെ പ്രധാന ജലസ്രോതസ്സായ നൂറടി തോടിന്റെയും അനുബന്ധ തോടുകളുടെയും നവീകരണം, വിസിബി നിർമാണം, റാമ്പ്, പമ്പ് ഹൗസുകൾ, ബണ്ടുകളുടെ ഉയരം കൂട്ടൽ, സൂയിസുകൾ, പ്രധാന ചാലുകളുടെയും ഉൾച്ചാലുകളുടെയും ആഴം കൂട്ടൽ തുടങ്ങിയ പ്രവൃത്തികൾക്കാണ് ടെൻഡർ ക്ഷണിച്ചിരുന്നത്.

നാല് മാസം മുമ്പ് നടപടികൾ പൂർത്തിയാക്കിയ ടെൻഡറിൽ നിരവധി കരാറുകാർ പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് ടെൻഡർ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഇതോടെ ഈ സീസണിൽ പൂർത്തിയാക്കേണ്ട പ്രവൃത്തികൾ വൈകുമെന്ന ആശങ്കയിലാണ് കർഷകർ.

മുൻ എം.എൽ.എ പി. നന്ദകുമാറിന്റെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പൊന്നാനി കോൾ മേഖലയിലെ വികസനത്തിന് സേവിങ്സ് ഫണ്ടിൽനിന്ന് എട്ടുകോടി രൂപ അനുവദിച്ചത്. തൃശൂർ–പൊന്നാനി കോൾ മേഖലയുടെ വികസനത്തിനായി അനുവദിച്ച 200 കോടി രൂപയിൽനിന്ന് 22 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതി നൽകിയതിൽ എട്ടുകോടി പൊന്നാനിക്കായിരുന്നു. മുൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 37.5 ലക്ഷം രൂപയുടെ വിവിധ പദ്ധതികളും കോൾ മേഖലയിൽ നടപ്പാക്കിയിട്ടുണ്ട്.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *