കടൽസമ്പത്തിന്റെ സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ പൈതൽ’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പരിശോധന ശക്തമാക്കി.
വലിപ്പമെത്താത്ത ചെറുമത്സ്യങ്ങളെ പിടിക്കുന്നതും വിപണനം നടത്തുന്നതും തടയുക, നിയമവിരുദ്ധ മത്സ്യബന്ധനം നിയന്ത്രിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഫിഷറീസ് വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് ജില്ലയിലെ മത്സ്യബന്ധന കേന്ദ്രങ്ങളിൽ 24 മണിക്കൂറും പരിശോധന നടത്തുന്നത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് ഗാർഡുമാർ, സീ റെസ്ക്യൂ ഓഫീസർമാർ തുടങ്ങിയവർ പരിശോധനാ സംഘത്തിലുണ്ട്.
പൊന്നാനി, താനൂർ, പരപ്പനങ്ങാടി ഹാർബറുകളിലും മറ്റ് ഫിഷ് ലാൻഡിങ് സെന്ററുകളിലുമായി ഇതിനകം 200-ഓളം യാനങ്ങൾ പരിശോധിച്ചു.
പരിശോധനകൾക്കൊപ്പം മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പൂർണ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

