സ്കൂളിൽ വെടിയുതിർക്കൽ: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്.

തൃത്താല: പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി കൊണ്ടുവന്ന നാടൻ റിവോൾവറിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി സഹപാഠിക്ക് പരിക്കേറ്റ സംഭവത്തിൽ കുട്ടിയുടെ മാതാവിനെതിരെ തൃത്താല പൊലീസ് കേസെടുത്തു. അനധികൃതമായി ആയുധം കൈവശംവച്ചതിനാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

ആയുധ നിയമത്തിലെ സെക്ഷൻ 3, 25(1)(ബി.എ) പ്രകാരമാണ് കേസെടുത്തത്. ലൈസൻസില്ലാതെ ആയുധം കൈവശംവയ്ക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ. വരുംദിവസങ്ങളിൽ കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 11.45നാണ് സംഭവം. മുതുതല കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് ക്ലാസിൽ തോക്കുമായി എത്തിയത്. വെടിയേറ്റ് പരിക്കേറ്റ അഞ്ചുമൂല സ്വദേശിയായ സഹപാഠിയെ മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിദ്യാർഥി ഐ.സി.യുവിൽ തുടരുകയാണ്.

തോക്ക് കുട്ടിയുടെ മുത്തച്ഛന്റേതാണെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. വിദ്യാർഥിയെ ബുധനാഴ്ച വൈകിട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. തോക്കിന്റെ ബാലിസ്റ്റിക്, ഫോറൻസിക് പരിശോധന പൂർത്തിയായി. തോക്കിന്റെ പഴക്കവും നിർമാണവും സംബന്ധിച്ചും അന്വേഷണം നടത്തും.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി കൈമാറിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *