മത്സ്യബന്ധനത്തിനിടെ കടലിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു.

പൊന്നാനി: മത്സ്യബന്ധനത്തിനിടെ കടലിൽവച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ മുഹമ്മദ് കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടരയോടെ പൊന്നാനി കടപ്പുറത്തുനിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് റാഫിക്ക് മിന്നലേറ്റത്. സഹപ്രവർത്തകർ ഉടൻ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെറുവള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന മുഹമ്മദ്കുട്ടി, അഷറഫ്, ഹമീദ് എന്നിവരെ പൊന്നാനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കുകളില്ലെങ്കിലും വിദഗ്ധ പരിശോധനയ്ക്കായി ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വൈകിട്ട് ആറുമണിക്കുശേഷം മേഖലയിൽ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെട്ടിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *