പൊന്നാനി : കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചു മുനിസിപ്പൽ യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
ജോലിചെയ്തതിന് പ്രതിഫലം കിട്ടിയില്ലെന്നാരോപിച്ച് ആശുപത്രിക്കുമുൻപിൽ ആത്മഹത്യാകുറിപ്പുമായി യുവാവ് സമരംചെയ്ത സംഭവം ചർച്ച ചെയ്യണമെന്ന് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടതാണ് സസ്പെൻഷന് കാരണമായത്.
ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള രൂക്ഷമായ വാക്കേറ്റത്തിനൊടുവിലാണ് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർ റാഷിദ് നാലകത്ത് എന്നിവരെ അടുത്ത കൗൺസിൽയോഗത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്.
നീതിക്കുവേണ്ടി ശബ്ദമുയർത്തിയ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫിന്റെ ഉപരോധസമരം.
കുഞ്ഞുമുഹമ്മദ്, കെ. ജയപ്രകാശ്, ബാഫക്കിതങ്ങൾ, ഉണ്ണികൃഷ്ണൻ പൊന്നാനി, അബ്ദുൽ ലത്തീഫ്, മുഹമ്മദ് കുട്ടി, കബീർ, ബീവി, ശ്രീകല, മിനി ജയപ്രകാശ്, ആയിഷ, ഷെബീറാബി, അഷ്റഫ്, ഫസലു, മുസ്തഫ, മനാഫ്, മുഹമ്മദ്, വസന്തകുമാർ, കേശവൻ എന്നിവർ പങ്കെടുത്തു.