പൊന്നാനി: മലബാറിന്റെ മക്കയെന്നറിയപ്പെടുന്ന പൊന്നാനിക്ക് അഞ്ഞൂറോളം വർഷം മുൻപ് ഈജിപ്തുമായുണ്ടായ ബന്ധത്തിൽ പിറന്നൊരു പള്ളി. അവിടെ വീണ്ടും വിശ്വാസികൾ കൂട്ടമായെത്തിയൊരു റമസാനായിരുന്നു ഇത്തവണ. പൊന്നാനി മിസ്‌രിപ്പള്ളിയുടെ കഥയാണിത്. സർക്കാർ കഴിഞ്ഞ ജൂണിൽ പള്ളി പൈതൃക ഭവനമായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ വ്രതകാലം ആത്മീയാവേശത്തോടെയാണ് പൊന്നാനിക്കാർ ഏറ്റെടുത്തത്. ജുമുഅ നടക്കാറില്ലെങ്കിലും നമസ്കാരത്തിനും ഇഅ്തികാഫിനുമടക്കം എത്തിയവർ ചരിത്രത്തിലേക്കുള്ളൊരു കണ്ണി ഉറപ്പിച്ചു നിർത്തുകയാണിവിടെ.