മലപ്പുറം: പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറയുമെന്ന് മുസ്ലിംലീഗ് വിലയിരുത്തല്‍. രാഹുല്‍ഗാന്ധി ആദ്യമായി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയതാണ് 2019-ലെ മുന്നേറ്റത്തിന് കാരണം. ആ രാഷ്ട്രീയസാഹചര്യം ഇത്തവണയില്ല. അതേസമയം 2014-നേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടാനാകും.

പൊന്നാനിയില്‍ ഒരു ലക്ഷം മുതല്‍ 1.30 ലക്ഷം വരെയും മലപ്പുറത്ത് രണ്ടു ലക്ഷം മുതല്‍ 2.50 ലക്ഷം വരെയുമാണ് കണക്കുകൂട്ടുന്നത്. പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ശേഖരിച്ച് ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തിലാണ് ഈ വിലയിരുത്തല്‍. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച സമുദായസംഘടനകളടക്കമുള്ളവരുടെ വോട്ടുകള്‍ കൂട്ടാതെയാണ് ഈ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്.

മുന്നണി വോട്ടുകള്‍ മാത്രമാണ് കണക്കില്‍ ഉള്‍പ്പെടുത്തിയതെന്ന് ജില്ലാ കമ്മിറ്റി പറയുന്നു. 2019-ല്‍ പൊന്നാനിയില്‍ 1.93 ലക്ഷവും മലപ്പുറത്ത് 2.60 ലക്ഷവുമായിരുന്നു ലീഗിന് ഭൂരിപക്ഷം. 2014-ല്‍ 25,410 വോട്ടായിരുന്നു പൊന്നാനിയിലെ ഭൂരിപക്ഷം. മലപ്പുറത്ത് 1.94 ലക്ഷവും.

സമസ്തയിലെ ചെറിയൊരു വിഭാഗത്തിന്റെ എതിര്‍പ്പ് ഫലത്തില്‍ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തുന്നത്. പരമാവധി 2000 വോട്ടുകള്‍ വീതം മാത്രമേ ഇങ്ങനെ കുറയാന്‍ സാധ്യതയുള്ളൂ. പോളിങ് ശതമാനം കുറഞ്ഞത് എല്‍.ഡി.എഫിനെയാണ് ബാധിക്കുക. പൊന്നാനിയില്‍ പരമ്പരാഗത ഇടത് വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്യപ്പെട്ടില്ലെന്നും ലീഗ് വിലയിരുത്തുന്നു.

വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് രാഹുല്‍ഗാന്ധിക്ക് 1.5 ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *