പൊന്നാനി : ഉപജില്ല കായികമേളയിൽ പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. 174 പോയിന്റോടെയാണ് എം.ഐ. ഗേൾസിന്റെ വിജയം. 150 പോയിന്റോടെ എ.വി. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും 134 പോയിന്റോടെ മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാമതുമായി. 90 ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിലും പെൺകുട്ടികൾ മാത്രമുള്ള സ്കൂൾ ആയതിനാൽ എം.ഐ. ഗേൾസിന് 45 ഇനങ്ങളിൽ മാത്രമാണ് പങ്കെടുക്കാനായത്. ഇതിൽ 22 സ്വർണവും 17 വെള്ളിയും 13 വെങ്കലവും നേടിയാണ് എം.ഐ. ഗേൾസ് ഒന്നാമതായത്. പെൺകുട്ടികളുടെ സീനിയർ, ജൂനിയർ വിഭാഗങ്ങളിലും എം.ഐ. ഗേൾസിനാണ് ഓവറോൾ. സബ് ജൂനിയർ വിഭാഗത്തിൽ മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളും കിഡീസ് വിഭാഗത്തിൽ പനമ്പാട് ന്യൂ യു.പി. സ്കൂളും ഓവറോൾ ചാമ്പ്യന്മാരായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ സീനിയർ കാറ്റഗറിയിൽ എം.ഐ. ബോയ്‌സും ജൂനിയർ കാറ്റഗറിയിൽ എ.വി. ഹയർസെക്കൻഡറിയും സബ് ജൂനിയറിൽ മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറിയും കിഡീസിൽ പനമ്പാട് ന്യൂ യു.പി.യും ഓവറോൾ ചാമ്പ്യന്മാരായി.
പങ്കെടുത്ത മൂന്ന് കാറ്റഗറിയിലും വ്യക്തിഗത ചാമ്പ്യൻഷിപ്പ് എം.ഐ. ഗേൾസിനാണ്. കായികാധ്യാപകരായ വി.കെ. ശബീർ, പി. സഫ്‌വാൻ എന്നിവരുടെ നേതൃത്വത്തിലാണ് എം.ഐ. ഗേൾസ് പരിശീലിച്ചത്.