വെളിയങ്കോട് : കഴിഞ്ഞ ദിവസമാണ് പൊന്നാനി എംഎൽഎ പി നന്ദകുമാർ നിർമ്മാണം പുരോഗമിക്കുന്ന വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് പദ്ധതി പ്രദേശം സന്ദർശിച്ചത് . പുരോഗതികൾ അദ്ദേഹം വിലയിരുത്തി. നബാർഡിന്റെ 28.37 കോടിയും സംസ്ഥാന സർക്കാറിന്റെ വിഹിതമായ ഒന്നരക്കോടിയും ചേർത്താണ് തുക വകയിരുത്തിയത്.
കാസർകോട് എംഎസ് ബിൽഡേഴ്‌സിനാണ് നിർമാണ ചുമതല. ഒന്നര വർഷത്തിനകം പണി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ലോക്ക് കം ബ്രിഡ്ജ് വരുന്നതോടെ കടലിലെ ഉപ്പു വെള്ളം കനോലി കനാൽ വഴി കയറുന്നത് തടയാൻ സാധിക്കും. ഇവിടെ ബ്രിട്ടിഷുകാർ നിർമിച്ച തടയണ കാലപ്പഴക്കത്തിൽ തകർന്നതോടെയാണ് കനാലിലേക്ക് ഉപ്പുവെള്ളം കയറാൻ തുടങ്ങിയത്.
ലോക്ക് കം ബ്രിഡ്ജ് യാഥാർഥ്യമായാൽ വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, പുന്നയൂർക്കുളം, പുന്നയൂർ, ഒരുമനയൂർ പഞ്ചായത്തുകൾ ചാവക്കാട്, ഗുരുവായൂർ നഗരസഭ മേഖലകളിലെ ശുദ്ധജല പ്രശ്‌നത്തിനു പരിഹാരമാകുന്നതോടപ്പം കാർഷിക മേഖലയ്ക്കും ഗുണമാകും. കനോലി കനാൽ ദേശീയ ജലപാതയാകുന്നതു കൂടി കണക്കിലെടുത്ത് കനാൽ വീതി 30 മീറ്റർ നിലനിർത്തിയാകും നിർമാണം നടത്തുക. നാലര മീറ്റർ വീതിയിലാണ് പാലം പണിയുന്നത്. ചെറിയ വള്ളങ്ങൾക്ക് പോകാൻ പാലത്തിനു സമീപം ഡൈവെർട്ടിങ് കനാൽ നിർമിക്കും