പൊന്നാനി : കുണ്ടുകടവ് ജങ്ഷനിൽ ബസ് ബേ സംവിധാനം ഒരുക്കുന്നതിനാവശ്യമായ ഏരിയ വിപുലമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും ഓട്ടോ സ്റ്റാൻഡ് പുനഃക്രമീകരിക്കുവാനും ട്രാഫിക് ക്രമീകരണസമിതിയിൽ തീരുമാനമായി.
ഇതിനായി പൊതുമരാമത്ത് റോഡ്‌സ് വിഭാഗം പരിശോധന നടത്തി സ്ഥലം അടയാളപ്പെടുത്തുന്നതിനുള്ള ലേ ഔട്ട് സ്കെച്ച് തയ്യാറാക്കും. നഗരസഭ പ്രദേശത്ത് പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന അനധികൃത ഓട്ടോറിക്ഷകൾക്കെതിരേ നടപടികൾ സ്വീകരിക്കുവാനും സ്കൂൾ സമയത്ത് വിദ്യാലയങ്ങൾക്കു മുൻപിലുള്ള റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന വിധത്തിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.
നിളയോര പാതയിലൂടെയുള്ള ഹെവി വെഹിക്കിൾ വാഹനങ്ങളുടെ പ്രവേശനം കർശനമായി തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാനും ട്രാൻസ്പോർട്ട്, പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
നഗര സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോടതിപ്പടി മുതൽ ചമ്രവട്ടം ജങ്ഷൻ വരെ ഫുട്പാത്തുകൾ, റോഡ് െെകയേറ്റങ്ങൾ നീക്കംചെയ്യുവാനും നിളയോരപാതയിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുവാനും യോഗത്തിൽ തീരുമാനമായി. എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന് തുടർന്നുള്ള ദിവസങ്ങളിൽ നഗരസഭ, പോലീസ്, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തുവാനും തീരുമാനിച്ചു.