എരമംഗലം : മഴവെള്ളം ഒഴുകിപ്പോകാത്തതിനെത്തുടർന്ന് വെള്ളക്കെട്ടിലായ ഒന്നാം വാർഡ് പുതിയിരുത്തി വെസ്റ്റ് പ്രദേശവാസികൾ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അമ്പിളിയെ ഉപരോധിച്ചു. വാർഡംഗം ഷംലയുടെ നേതൃത്വത്തിലാണ് വെള്ളക്കെട്ട് ഒഴുക്കിവിടുന്നതിന് അടിയന്തര സംവിധാനമൊരുക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ വെള്ളിയാഴ്ച 12 മുതൽ ഉപരോധം തുടങ്ങിയത്.
സംഭവത്തിൽ കളക്ടർ ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരം കാണുന്നതിനായി ഓട നിർമിക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. നിർമാണ പുരോഗതി വിലയിരുത്താൻ പൊന്നാനി തഹസിൽദാർക്കും ചുമതല നൽകി. ഇതിന്റെ ഉത്തരവ് വ്യാഴാഴ്ച ഇറക്കിയിരുന്നു. എന്നാൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി വേണമെന്നായിരുന്നു സെക്രട്ടറിയെ ഉപരോധിച്ചവരുടെ ആവശ്യം. ആറു ദിവസമായി അൻപത് കുടുംബങ്ങളാണ് വെള്ളക്കെട്ടിൽ കഴിയുന്നത്. ഇവർ പകർച്ചവ്യാധി ഭീഷണിയിലാണ്.
ഉപരോധത്തിന് പിന്തുണയുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർകൂടിയെത്തിയതോടെ പ്രതിഷേധം ശക്തമായി. അടിയന്തര നടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് അധികൃതരിൽനിന്ന് ഉറപ്പ് ലഭിച്ചാൽ മാത്രം ഉപരോധസമരം അവസാനിപ്പിക്കുകയുള്ളൂവെന്നായി പ്രദേശവാസികൾ. ഓഫീസ് സമയം കഴിഞ്ഞും ഉപരോധം തുടർന്നതോടെ പെരുമ്പടപ്പ് പോലീസും ഇടപെട്ടു. ഒടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിസാർ സെക്രട്ടറിയുടെ ചേംബറിലെത്തി ശനിയാഴ്ച മൂന്നിന് അടിയന്തര ബോർഡ് യോഗം ചേരുമെന്നും യോഗതീരുമാനപ്രകാരം നടപടി സ്വീകരിക്കാമെന്നും ഉറപ്പ് നൽകി.
ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നീക്കി കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുവിടുന്നതിന് ശനിയാഴ്ചതന്നെ സംവിധാനമൊരുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടപ്പോൾ അതെല്ലാം ശനിയാഴ്ച നടക്കുന്ന ബോർഡ് യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലേ പറ്റൂവെന്ന് വൈസ് പ്രസിഡന്റ് മറുപടി നൽകിയത് നേരിയ വാക്കുതർക്കത്തിന് ഇടയാക്കി. ഒടുവിൽ സെക്രട്ടറിയുടെ ഉറപ്പിൽ വൈകുന്നേരം 6.30-ഓടെ ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു.
ഉപരോധസമരത്തിന് വാർഡ് അംഗത്തിനുപുറമേ പ്രദേശവാസികളായ വി.കെ. അനസ്, പി.എം. മുജീബ്, കെ. അലി, ഹർഷാദ്, കോൺഗ്രസ് നേതാക്കളായ കെ.പി. റാസിൽ, ദിൽഷാദ്, കെ. സക്കീർ, ബി.എം. റാസിൽ, പൊറാടത്ത് കുഞ്ഞിമോൻ, കെ.ടി. റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.