പൊന്നാനി : കുണ്ടുകടവിലെ പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പഴയ പാലം ചൊവ്വാഴ്ച മുതൽ അടച്ചിടും. ഒരു മാസത്തേക്കാണ് ഗതാഗതനിയന്ത്രണം.പൊന്നാനി-പുത്തൻപള്ളി-ആൽത്തറ-കുന്നംകുളം-ഗുരുവായൂർ പാതയിലാണ് ഗതാഗത നിരോധനം ഏർപ്പെടുത്തുന്നത്.യാത്രാവാഹനങ്ങൾ ബിയ്യം റെഗുലേറ്റർ കം ബ്രിഡ്ജ്-കരിങ്കല്ലത്താണി വഴി പോകണം. ചരക്കുവാഹനങ്ങൾ കുണ്ടുകടവ് ജങ്ഷനിൽനിന്ന് എടപ്പാൾ വഴിയും പോകണം.
ഗതാഗത പരിഷ്‌കരണത്തിനെതിരേ സ്വകാര്യ ബസുടമകൾ രംഗത്തുവന്നിരുന്നു. നിലവിൽ നിശ്ചയിച്ച ബദൽ റൂട്ട് പ്രായോഗികമല്ലെന്നാണ് അവരുടെ വാദം. പാതയിൽ ഷട്ടിൽ സർവീസ് പോലുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. ഗുരുവായൂർ-കുന്നംകുളം-പൊന്നാനി റൂട്ടിലോടുന്ന ബസുകൾ കുണ്ടുകടവ് വരെ സർവീസ് നടത്തും.കാഞ്ഞിരമുക്ക് ബിയ്യം റോഡിലൂടെ വലിയ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ല. സർവീസ് നടത്തിയാൽതന്നെ സമയക്രമം പാലിക്കാൻ പറ്റില്ല. അതിനാലാണ് മാറഞ്ചേരി കടവത്ത് സർവീസ് അവസാനിപ്പിക്കുന്നതെന്ന് ബസ് ഉടമകൾ പറഞ്ഞു.
കുണ്ടുകടവ് ജങ്ഷനിൽനിന്ന് കുണ്ടുകടവ് പാലം വരെയുള്ള ഭാഗത്തേക്ക് മാത്രം സർവീസ് നടത്തുന്നത് നഷ്ടമായതിനാൽ ഈ റൂട്ടിൽ സർവീസ് നടത്തേണ്ടെന്നാണ് ബസുടമകളുടെ തീരുമാനം. ഈ റൂട്ടിൽ ബസുകൾ ഓടിയില്ലെങ്കിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലയും.