പൊന്നാനി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃക്കാവിലെ ബ്രാഹ്മണഗൃഹങ്ങളിൽ ബൊമ്മക്കൊലു ഒരുക്കിത്തുടങ്ങി. ഞായറാഴ്ച ക്ഷേത്രങ്ങളിൽ പൂജ ആരംഭിക്കുന്നതോടെ ബൊമ്മക്കൊലുവിനും പൂജ നടക്കും. ദിവസവും രാവിലെയും വൈകീട്ടും ബൊമ്മക്കൊലുവിനും പൂജ ഉണ്ടായിരിക്കും.
മരം, മണ്ണ്, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവയിൽ നിർമ്മിച്ച ബൊമ്മകളെ വിവിധ തട്ടുകളിൽ പട്ടുവിരിച്ചാണ് നിരത്തിവെക്കുക. കുടുംബസംഗമങ്ങൾക്കുകൂടിയുള്ള വേദി കൂടിയാണ് ബൊമ്മക്കൊലു.
വിജയദശമിനാളിൽ തൃക്കാവ് ദുർഗാഭഗവതി ക്ഷേത്രത്തിൽ സന്ധ്യക്ക് ദീപാരാധന കഴിഞ്ഞാലുടൻ മരപ്പാവകളെ കിടത്തിവെക്കുന്ന ചടങ്ങാണ്. പിന്നീട് മംഗളം പാടി അവസാനിപ്പിക്കും. അടുത്ത ദിവസം പാവകളെയെല്ലാം പട്ടിൽ പൊതിഞ്ഞ് സൂക്ഷിക്കും. ഓരോ വർഷവും കൂടുതൽ പാവകളെ ബൊമ്മക്കൊലുവിൽ ഉൾപ്പെടുത്തിവരികയാണ് പതിവ്.