പൊന്നാനി : ദേശീയപാത വികസനം നടപ്പാക്കുമ്പോൾ ഉറൂബ് നഗർ ജങ്ഷനിൽ അടിപ്പാതയോ മേൽപ്പാലമോ നിർമിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. പാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പലയിടത്തും അടിപ്പാതകളും മേൽപ്പാലങ്ങളും നിർമിക്കുന്നുണ്ടെങ്കിലും ഉറൂബ് നഗർ ജങ്ഷനിൽ ഇത്തരത്തിലുള്ള സംവിധാനമില്ല.
അതിനാൽ, തെയ്യങ്ങാട്, ഉറൂബ് നഗർ ഭാഗത്തുള്ളവർ രണ്ടരക്കിലോമീറ്ററോളം ചുറ്റിവളയേണ്ടിവരും. പൊന്നാനി ഹൈവേ പെട്രോളിയം മാനേജർ റിജേഷ്, റൗബ ഹോട്ടൽ ജീവനക്കാരൻ ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരുടെ ആവശ്യം ദേശീയപാത വിഭാഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട കോടതി പരാതി തീർപ്പാക്കുകയുംചെയ്തു. അഭിഭാഷകരായ രാജേഷ് നാരായണൻ, കെ.പി. അബ്ദുൽജബ്ബാർ എന്നിവരാണ് പരാതിക്കാർക്കുവേണ്ടി ഹാജരായത്.
വൺവേ സമ്പ്രദായം വഴി പൊന്നാനിയിലെ സ്വകാര്യബസുകളെല്ലാം കടന്നുപോകുന്ന പ്രധാന പാതയ്ക്കു കുറുകെയാണ് ദേശീയപാത കടന്നുപോകുന്നതെങ്കിലും ഇവിടെ അടിപ്പാത നിർമിക്കുന്നില്ല. പ്രധാന ജങ്ഷനായിരുന്നിട്ടുകൂടി ഈഭാഗത്ത് അടിപ്പാതയോ മേൽപ്പാലമോ നിർമിക്കാൻ പദ്ധതി തയ്യാറാക്കാതെയാണ് പാതവികസനം നടക്കുന്നത്.
ബസ്‌സ്റ്റാൻഡിൽനിന്നെടുക്കുന്ന സ്വകാര്യ ബസുകൾ കൊല്ലൻപടി, ഉറൂബ് നഗർ വഴിയാണ് ചന്തപ്പടിയിലെത്തുന്നത്. ഉറൂബ് നഗറിൽ ദേശീയപാതയ്ക്ക് കുറുകേയാണ് റോഡ് കടന്നുപോകുന്നത്. ആറുവരിയാക്കുമ്പോൾ ദേശീയപാതയിലെവിടെയും ക്രോസിങ്ങുകൾ ഇല്ലാത്തതിനാൽ അടിപ്പാതയോ മേൽപ്പാലമോ നിർമിക്കുകയാണ് പതിവ്. ചമ്രവട്ടം ജങ്ഷനിലും പള്ളപ്രത്തും ഇത്തരത്തിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നുണ്ട്.
ഉറൂബ് നഗറിൽനിന്ന് പള്ളപ്രത്തേക്ക് അരക്കിലോമീറ്ററോളമാണുള്ളത്. ഇതിനിടയിൽ അടിപ്പാത നിർമിക്കുമ്പോൾ പാതയുടെ ഘടനയിൽ വലിയ മാറ്റംവരും. പള്ളപ്രത്തെ പാലത്തിനടിയിലൂടെ വാഹനങ്ങൾക്കു തിരിഞ്ഞുവരാമെന്ന കണക്കുകൂട്ടലിലാണ് ഉറൂബ് നഗറിൽ അടിപ്പാത പരിഗണിക്കാത്തത്.
എന്നാൽ, സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇത്തരത്തിൽ പാലത്തിനടിയിലൂടെ തിരിഞ്ഞുവരാൻ ബുദ്ധിമുട്ടാണെന്നും ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്. നേരത്തേ പുതുപൊന്നാനിയിലെ അടിപ്പാത വിഷയം ഹൈക്കോടതിയുടെ മുൻപാകെയെത്തിയപ്പോഴും അനുഭാവപൂർവം പരിഗണിക്കാൻ കോടതി നിർദേശിച്ചിരുന്നു.
എന്നാൽ, കോടതി നിർദേശം മുഖവിലയ്ക്കെടുക്കാതെ ദേശീയപാത അധികൃതർ പണികളുമായി മുന്നോട്ടുപോകുകയാണ്.
പരാതിക്കാരുടെ അഭിപ്രായം കേൾക്കാൻ അവർ തയ്യാറായിട്ടില്ല. നിലവിലെ രൂപരേഖയിൽ മാറ്റംവരുത്താൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. തദ്ദേശസ്ഥാപനങ്ങളോ മറ്റോ അവരുടെ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണമെന്നാണ് ദേശീയപാത വിഭാഗം പറയുന്നത്.