എടപ്പാൾ : പുള്ളുവൻപടിയിൽ വീട്ടുപറമ്പിലെ കിണറിനു സമീപം മൊബൈൽ ഫോൺ, ചെരിപ്പ്, മുണ്ട് എന്നിവ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെയാണു ഇവ നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. കിണറിനു സമീപം ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സമീപത്ത് തൃശൂരിലെ ബവ്റിജസിൽ നിന്നു മദ്യം വാങ്ങിയതിന്റെ ബില്ലും ലഭിച്ചു. കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ബാബുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കിണറ്റിൽ ആരെങ്കിലും വീണിട്ടുണ്ടോ എന്നു സംശയം ഉയർന്നതിനെ തുടർന്നു പൊന്നാനി അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തി കിണറ്റിൽ ഇറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ കണ്ടെത്തിയ മൊബൈൽ ഫോണും മുണ്ടും പ്രദേശത്തെ യുവാവിന്റേതാണെന്നു നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ രാത്രിയിൽ കുമ്പിടിയിൽ ഉള്ള തന്റെ സുഹൃത്തിനൊപ്പം ഇവിടെ ഇരുന്ന് മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തി. പിന്നീട് കുമ്പിടി പ്രദേശത്ത് അന്വേഷണം നടത്തി ഇയാളെയും കണ്ടെത്തിയതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. ഇരുവരോടും പൊന്നാനി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.