തിരുനാവായ : ജില്ലാ പഞ്ചായത്തംഗമായിരിക്കെ മരിച്ച മൂർക്കത്ത് ഹംസയുടെ ഓർമയ്ക്കായി ആതവനാട് മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹാപ്പിനെസ് പാർക്ക് നിർമിച്ചുനൽകി. ജില്ലാ പഞ്ചായത്തിന്റെ 80 ലക്ഷം രൂപ ചെലവിലാണ് പുതുവർഷസമ്മാനമായി പാർക്ക് നിർമിച്ചത്.
മൂർക്കത്ത് ഹംസയുടെ സ്മരണയിൽ പാർക്ക് കവാടത്തിനു പേര് നൽകി. ഓപ്പൺ ജിം, സെൽഫി കോർണർ, ചുറ്റുമതിൽ, പ്രവേശനകവാടം, ഊഞ്ഞാൽ, ഇരിപ്പിടം, ശൗചാലയം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
നിലം കട്ട വിരിച്ച് ചുറ്റുമതിലിൽ മനോഹരമായ ചിത്രങ്ങളും പതിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒഴിവുസമയം പാർക്കിൽ ചെലവഴിക്കാം. ബുധനാഴ്ച വൈകീട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പാർക്ക് തുറന്നുകൊടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്‌മായിൽ മൂത്തേടം അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കും.