പൊന്നാനി : ആവേശമലയടിച്ച നഗരസഭാ തിരഞ്ഞെടുപ്പിൽ വ്യാഴാഴ്ച രാത്രി ഏഴരവരെ 73.08 ശതമാനം പേർ ജനവിധി രേഖപ്പെടുത്തി. നിശ്ചയിച്ച സമയപരിധിക്കുശേഷവും ബൂത്തുകളിൽ വോട്ടിങ് തുടർന്നു. തീരദേശത്തുൾപ്പെടെ രാവിലെ മുതൽ പോളിങ് ബൂത്തുകൾക്കുമുന്നിൽ നീണ്ട നിരയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 77.32 ശതമാനമായിരുന്നു പൊന്നാനി നഗരസഭ യിലെ പോളിങ് ശതമാനം.53 വാർഡുകളുള്ള തീരദേശ നഗരസഭയിൽ 60 ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. ആദ്യമണിക്കൂറിൽത്തന്നെ മികച്ച പോളിങ്ങാണ് എല്ലായിടത്തും നടന്നത്. ഉച്ചയ്ക്ക് രണ്ടരയാകുമ്പോഴേക്ക് പകുതിലിറേപ്പേർ വോട്ട് രേഖപ്പെടുത്തി യിരുന്നു. പലയിടത്തും മന്ദഗതിയിലാണ് പോളിങ് നടപടിക്രമങ്ങൾ പുരോഗമിച്ചത്. ബിയ്യം എഎംഎൽപി സ്കൂളിലും നാലാം വാർഡിലെ ബുത്തിലും യന്ത്രത്തകരാറിനെത്തുടർന്ന് കുറച്ചുനേരം പോളിങ് തടസ്സപ്പെട്ടതൊഴിച്ചാൽ മറ്റെവിടെയും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല.
ഒന്നാം വാർഡ് അഴീക്കൽ ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് പ്രവർത്തകർ രംഗത്തുവന്നതോടെ പോലീസ് സ്ഥലത്തെത്തി പ്രവർത്ത കരെ പിരിച്ചുവിട്ടു. ഈശ്വരമംഗലത്ത് മുൻ കൗൺസിലർ പ്രീത രഞ്ജിത്തിനോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പ്രവർത്തകരും പോലീസും തമ്മിൽ തർക്ക മുണ്ടായി. ഇതുസംബന്ധിച്ച് പ്രീത രഞ്ജിത്ത് ഉന്നത പോലീസുദ്യോഗസ്ഥർക്ക് പരാതി നൽകി.പോളിങ് സമയപരിധിയായ ആറിനുശേഷവും പല പോളിങ് സ്‌റ്റേഷനുകൾക്കു മുൻപിലും നീണ്ട നിരയുണ്ടായിരുന്നു. ആറിനുള്ളിൽ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയാണ് വരി നിർത്തിയത്. ബിയ്യം എഎംഎൽപി സ്കൂളിൽ സമയപരിധിക്കുശേഷം നൂറിലേറെപ്പേർ വോട്ടുരേഖപ്പെടുത്താനായി കാത്തുനിന്നിരുന്നു.
ഇത്തവണ 53 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലയിൽ ഏറ്റവുംകൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച നഗരസഭ പൊന്നാനിയാണ്. 164 പേരാണ് പൊന്നാനി നഗരസഭയിൽ ജനവിധി തേടിയത്.വോട്ടെടുപ്പ് കഴിഞ്ഞതോടെ സ്ഥാനാർഥികളും പാർട്ടികളും ഏറേ പ്രതീക്ഷ യിലാണ്. 10 വർഷം നഗരസഭ ഭരിച്ച ഇടതുപക്ഷം ഹാട്രിക് ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണത്തുടർച്ച ഉറപ്പാണെന്നാണ് ഇടത്‌നേതാക്കളുടെ വിലയിരുത്തൽ. യുഡിഎഫ് ഇത്തവണ തിരിച്ചുവരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. കഴിഞ്ഞതവണ മൂന്ന് സീറ്റുകൾ നേടിയ ബിജെപിയാകട്ടെ ഇത്തവണ കൂടുതൽ സീറ്റുകളിൽ വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്.

