എടപ്പാൾ : പ്രതിദിനം ആയിരത്തോളം ഒ.പി., ആറു ഡോക്ടർമാർ, പ്രതിമാസം നൂറിലേറെ പ്രസവങ്ങൾ, നൂറുകണക്കിന് രോഗികൾക്ക് കിടത്തിച്ചികിത്സ ഇതെല്ലാം എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഏതാനും മാസം മുൻപ് വരെ നടന്നിരുന്ന കാര്യങ്ങളാണ്. എന്നാൽ, ഇന്ന് തികഞ്ഞ അനാസ്ഥമൂലം സൗകര്യങ്ങളുണ്ടായിട്ടും രോഗികൾക്ക് ഉപകാരപ്രദമല്ലാതെ നോക്കുകുത്തിയായി മാറുകയാണ് ഈ സർക്കാർ ആതുരാലയം.നേരത്തേ പ്രാഥമികാരോഗ്യകേന്ദ്ര (പി.എച്ച്.സി.)മായിരുന്നു ഇത്. രോഗികളുടെ വരവുകൂടുകയും സൗകര്യങ്ങളാവുകയും ചെയ്തതോടെയാണ് ഇത് സി.എച്ച്.സി. ആയി ഉയർത്തിയത്. രണ്ട് ഡോക്ടർമാരുണ്ടായിരുന്ന സ്ഥാപനത്തിൽ പിന്നീട് എൻ.എച്ച്.എം. സഹായത്തോടെ ആറു ഡോക്ടർമാരായി.
ഗൈനക്കോളജി ഡോക്ടർ ഉണ്ടായിരുന്നതിനാൽ ഒരു രൂപ ചെലവില്ലാതെ പതിനായിരങ്ങൾ ചെലവുവരുന്ന പ്രസവ ശസ്തക്രിയകൾ ധാരാളം നടന്നു.പ്രതിദിനം 800 മുതൽ 1000 വരെ ഒ.പി.യും കിടത്തിച്ചികിത്സയും നടന്നു.ആശുപത്രിയോടനുബന്ധിച്ച് കെ.ടി. ജലീൽ എം.എൽ.എ. അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് മാതൃശിശു കേന്ദ്രത്തിനായി പുതിയ കെട്ടിടം നിർമിച്ചു.
ഉദ്ഘാടനംകഴിഞ്ഞ് അടച്ചിട്ട കെട്ടിടം പിന്നീട് കോവിഡ് കുത്തിവെപ്പ് കേന്ദ്രമായി. ഇതിനുശേഷം ആശുപത്രിയുടെ വളർച്ച കീഴോട്ടായി.ആറു ഡോക്ടർമാരിൽ രണ്ടുപേർ അവധിയിൽപ്പോയി. ഒരാളെ തവനൂരിലേക്ക് സ്ഥലംമാറ്റി. ഇപ്പോൾ മെഡിക്കൽ ഓഫീസർ കഴിഞ്ഞാൽ രണ്ടുപേരാണ് രോഗികളെ പരിശോധിക്കാനുള്ളത്. 600-ഓളം രോഗികൾ ഇപ്പോഴും എത്തുന്നുണ്ടെങ്കിലും ഇവർക്ക് പരിശോധിച്ചു തീർക്കാനാവുന്നില്ല. സായാഹ്ന ഒ.പി.യും കിടത്തിച്ചികിത്സയും നിർത്തിയതോടെ ഉച്ച കഴിഞ്ഞാൽ ആശുപത്രി വിജനമാവും.
നാലുപേർ വേണ്ട ലബോറട്ടറിയിൽ ഉള്ളത് രണ്ടു പേർമാത്രം. ഡോക്ടർമാരുടെ പരിശോധന കഴിഞ്ഞാൽ ലാബ് അടയും, ഞായറാഴ്ചകളിൽ പരിപൂർണ ശൂന്യതമാത്രം. ധാരാളം കെട്ടിടങ്ങളും കിടക്കകളും ഓപ്പറേഷൻ തിയേറ്ററും ആംബുലൻസുമെല്ലാമുള്ള ഒരാശുപത്രിയാണ് സാധാരണക്കാർക്ക് ഒരുപകാരവുമില്ലാതെ നശിക്കുന്നത്.
ഫാർമസിയിൽ ആറുമാസമായി വലിയ തോതിൽ ആവശ്യക്കാരുള്ള രക്തസമ്മർദ്ദത്തിനുള്ള മരുന്നു തീർന്നിട്ട്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത ശേഷം ലക്ഷങ്ങളുടെ ഭൗതിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയതെങ്കിലും അതെല്ലാം പാഴായ അവസ്ഥയാണിപ്പോൾ.
മാതൃശിശു കേന്ദ്രത്തിനുവേണ്ടി പണിത കെട്ടിടം അതിന് സർക്കാർ അനുമതിലഭിക്കാത്തതിനാൽ പിന്നീട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കുട്ടികളുടെ ചികിത്സാ കേന്ദ്രമാക്കിയത് മാത്രം കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നു.ചികിത്സാചെലവ് അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിർധനരായ രോഗികൾക്ക് ആശ്വാസമാകേണ്ട ഒരു സ്ഥാപനമാണ് ഇത്തരത്തിൽ ആർക്കും ഗുണമില്ലാതെ കിടക്കുന്നത്.