എരമംഗലം : ഒന്നര വർഷം മുൻപ് ലക്ഷങ്ങൾ മുടക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച കോതമുക്ക് കോലാട്ട് കുളം ഉപയോഗിക്കാൻ കഴിയാതെ നശിക്കുന്നു. വെളിയങ്കോട് പഞ്ചായത്തിലെ കോതമുക്ക്, ചേക്കുമുക്ക്, അരക്കിലാംകുന്ന് മേഖലയിലുള്ളവർക്ക് നീന്തൽ പരിശീലിക്കുന്നതിനും പുല്ലാമ്പി പാടശേഖരത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി നവീകരണം നടത്തിയ കുളമാണ് തകർന്നും കാടു മൂടിയും നശിച്ചുകൊണ്ടിരിക്കുന്നത്.
നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് കുളത്തിന്റെ വശങ്ങൾ കെട്ടി കട്ട വിരിച്ച് ഇരിപ്പിടങ്ങൾ നിർമിക്കുകയായിരുന്നു. കുളത്തിലെ ചെളി നീക്കാതെ കരിങ്കൽ ഭിത്തികൾ കെട്ടിയതോടെ വെള്ളം മലിനമാകുകയും കുളത്തിലേക്ക് ഇറങ്ങാൻ പറ്റാതെ വരികയും ചെയ്തു. മഴയിൽ ഭിത്തിയുടെ അടിഭാഗത്തെ കല്ലുകൾ ഇളകിയതോടെ ഭിത്തിയിൽ വിള്ളൽ വീഴുകയായിരുന്നു. നിർമാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ സൈഡിൽ വിരിച്ച പൂട്ടുകട്ടകളും തകർന്നു നിലം പൊത്തി.
കുളിക്കാൻ വരുന്നവർക്ക് ഇരിക്കാൻ വേണ്ടി നിർമിച്ച ഇരിപ്പിടങ്ങൾ കാടുമൂടി നശിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോഗിക്കാൻ പറ്റാത്ത കുളത്തിന്റെ നവീകരണത്തിനായി കഴിഞ്ഞ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുളത്തിന്റെ അവസ്ഥയിൽ പ്രതിഷേധിച്ച് അടുത്ത ദിവസം പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് നവാസ് സെൻസിക്ക് അറിയിച്ചു.