തിരൂർ : നഗരസഭയിലെ ഇ.എം.എസ്. പാർക്ക് നടത്തിപ്പിലെ അപാകത്തെച്ചൊല്ലി നഗരസഭാ കൗൺസിലിലുണ്ടായ ഭരണ-പ്രതിപക്ഷ തർക്കം ഇരുവിഭാഗവും തമ്മിലുള്ള പോർവിളിയിൽ കലാശിച്ചു.
പാർക്കിൽ അനധികൃത നിർമ്മാണം നടന്നിട്ട് തടയുന്നതിൽ നഗരസഭ പരാജയപ്പെട്ടൂവെന്നും കരാറുകാരിൽനിന്ന് നഗരസഭ വാടകക്കുടിശ്ശിക ഈടാക്കാൻ നടപടിയെടുക്കുന്നില്ലെന്നും കരാറുകാരൻ കോടതിയെ സമീപിക്കുമെന്ന് ഭയന്ന് പിന്മാറുകയാണെന്നും പ്രതിപക്ഷ കൗൺസിലർ മിർഷാദ് പാറയിൽ പറഞ്ഞു. കരാർ വെച്ചതുമുതൽ വാടക വാങ്ങണമോ പാർക്ക് പ്രവർത്തിച്ചുതുടങ്ങിയതുമുതൽ വാടക വാങ്ങണമോയെന്നതാണ് കോടതിയിലുള്ള പ്രശ്നമെന്നും പാർക്കിൽ അനധികൃത നിർമ്മാണം സംബന്ധിച്ച് കോടതി ഉത്തരവില്ലെന്നും പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ് പറഞ്ഞു. ഇതേത്തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലും നഗരസഭാധ്യക്ഷയും പ്രതിപക്ഷനേതാവും തമ്മിലും വാക്കേറ്റമുണ്ടായി.
ഒടുവിൽ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്യോഗസ്ഥർക്ക് നിർദ്ദേശംനൽകി. തർക്കം സംബന്ധിച്ച് ആർബിട്രേറ്ററെ നിയമിക്കാനും യോഗം തീരുമാനിച്ചു.
ചർച്ചയിൽ നിർമ്മല കുട്ടിക്കൃഷ്ണൻ, കെ. അബൂബക്കർ, ഉപാധ്യക്ഷൻ പി. രാമൻകുട്ടി എന്നിവരും പങ്കെടുത്തു. നഗരസഭാ കൗൺസിലർമാർ ഉദ്യോഗസ്ഥർക്കൊപ്പം ടൂർ പോയ സംഭവം ചർച്ചയ്ക്കുവന്നു. അത് വ്യക്തിപരമായ കാര്യമാണെന്നും എന്നാൽ സൂക്ഷ്മത പുലർത്തണമെന്നും നഗരസഭാധ്യക്ഷ യോഗത്തിൽ പറഞ്ഞു.