തവനൂർ : മാഘമാസത്തിലെ മകം നാളിൽ ആരതിയുഴിഞ്ഞ് നിളയെ ആദരിച്ച് മാഘമക മഹോത്സവത്തിന് കൊടിയിറക്കം.ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് കൊല്ലൂർ മൂകാംബികക്ഷേത്രം തന്ത്രി ഡോ. നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ ശ്രീചക്രയാഗം നടന്നു.യാഗത്തോടനുബന്ധിച്ച് കുടുംബ ഐശ്വര്യപൂജ, ലക്ഷ്മീനാരായണ പൂജ, ദുർഗാപൂജ, ദമ്പതിപൂജ, ശ്രീചക്രപൂജ എന്നിവയുണ്ടായി. ശേഷം പ്രസാദ ഊട്ടുമുണ്ടായി.
മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ആചാര്യൻ മൂകാംബിക സജി പോറ്റിയുടെ അധ്യക്ഷതയിൽച്ചേർന്ന് ആധ്യാത്മിക സഭയിൽ ശ്രീചക്ര ആരാധനയെക്കുറിച്ച് ഡോ. നിത്യാനന്ദ അഡിഗ പ്രഭാഷണം നടത്തി.കെ. രാമൻഭട്ടതിരി, ലസിത വെട്ടം, ഝാൻസി എന്നിവർ പ്രസംഗിച്ചു. ഡോ. നിത്യാനന്ദ അഡിഗയെ സ്വാമിനി അതുല്യാമൃതപ്രാണാ ആദരിച്ചു.തിരൂർ ദിനേശ് രചിച്ച ‘തിരുനാവായ മാമാങ്കം ഐതിഹ്യവും ചരിത്രവും’ എന്ന പുസ്തകത്തിന്റെ കവർ ഡോ. നിത്യാനന്ദ അഡിഗ പ്രകാശനംചെയ്തു.
തുടർന്ന് 1008 പേർ പങ്കെടുത്ത ലളിതാസഹസ്രനാമ സ്തോത്രപാരായണമുണ്ടായി. ‘വിശ്വാസവും സമൂഹവും’ എന്ന വിഷയത്തെക്കുറിച്ച് പദ്മിനിയുടെ അധ്യക്ഷതയിൽ സ്വാമിനി അതുല്യാമൃതപ്രാണാ പ്രഭാഷണം നടത്തി.സാംസ്കാരികസമ്മേളനം അഡ്വ. ശങ്കു ടി. ദാസ് ഉദ്ഘാടനംചെയ്തു. ജന്മഭൂമി പത്രാധിപർ കെ.എൻ.ആർ. നമ്പൂതിരി അധ്യക്ഷനായി. തിരൂർ ദിനേശ് ആമുഖ പ്രഭാഷണം നടത്തി.തിരൂർ ദിനേശ് എഴുതിയ ‘എഴുത്തച്ഛൻ കഥകൾ’ എന്ന പുസ്തകം കെ.എൻ.ആർ. നമ്പൂതിരി ജനാർദ്ദന മേനോന് നൽകി പ്രകാശനംചെയ്തു.
തുടർന്നുനടന്ന നിളാപൂജയ്ക്ക് തവനൂർ ബ്രഹ്മാക്ഷേത്രം മേൽശാന്തി മനോജ് എമ്പ്രാന്തിരി കാർമികത്വംവഹിച്ചു. നിളാ ആരതിയോടെ ചടങ്ങുകൾക്ക് പരിസമാപ്തിയായി.സ്വാമിനി അതുല്യാമൃതപ്രാണാ, കെ.എൻ.ആർ. നമ്പൂതിരി, ശങ്കു. ടി. ദാസ്, മൂകാംബിക സജി പോറ്റി, രുദ്ര ഗായത്രി, തിരൂർ ദിനേശ്, പ്രദീപ് തവനൂർ, അജയൻ ഉള്ളാട്ട്, മണികണ്ഠൻ പാലാട്ട്, ജനാർദ്ദന മേനോൻ, രാമചന്ദ്രൻ തവനൂർ തുടങ്ങിയവർ നിള ആരതിക്ക് നേതൃത്വംനൽകി. ത്രിമൂർത്തി സ്നാനഘട്ട് പൈതൃക സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് മാഘമക മഹോത്സവം ആഘോഷിച്ചത്.