എടപ്പാൾ : സർക്കാർ ജീവനക്കാരുടെ ജീവിതശൈലീ രോഗനിയന്ത്രണം ഇനി ഓഫീസിൽനിന്നാരംഭിക്കും. രാവിലെയോ ഉച്ചയ്ക്കോ ഓഫീസിൽ പത്തുമിനിറ്റ് വാംഅപ്പിനായി മാറ്റിവെക്കും. ജീവനക്കാരുടെ ജീവിതശൈലീ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മാസ് കാമ്പയിൻ നടത്തണമെന്ന സർക്കാർ നിർദേശമാണ് നടപ്പാക്കുന്നത്.

കളക്ടർമാർ ഇതിനാവശ്യമായ നിർദേശങ്ങൾ ഓഫീസ് മേധാവികൾക്ക് നൽകിത്തുടങ്ങി. എല്ലാദിവസവും രാവിലെ ജോലി ആരംഭിക്കുന്നതിനുമുൻപോ ഉച്ചഭക്ഷണത്തിനുമുൻപോ പത്തു മിനിറ്റ് വാം അപ്പ് ചെയ്യാൻ നീക്കിവെക്കണമെന്നതാണ് പ്രധാന നിർദ്ദേശം. പ്രതിമാസ യോഗങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവയിലും ഇത് നടത്തണം.

ഓഫീസിൽ നടക്കുന്ന യാത്രയയപ്പ്, ജോലിയിൽ പ്രവേശിക്കൽ, വിരമിക്കൽ സൽക്കാരങ്ങൾ തുടങ്ങിയവയിലെ ഭക്ഷണങ്ങൾക്കും നിയന്ത്രണമുണ്ട്. ആവിപ്പലഹാരങ്ങൾ, മധുരംകുറഞ്ഞ ചായ, ഇളനീർ, തിളപ്പിച്ചാറ്റിയ വെള്ളം, പഴങ്ങൾ, കൊഴുപ്പുകുറഞ്ഞയിനം ഭക്ഷണങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കണം.

ഓഫീസ് തലത്തിൽത്തന്നെ ജീവിതശൈലീ രോഗനിർണയ പരിശോധനകൾ നടത്തി ഡേറ്റാ ബേസ് തയ്യാറാക്കണം. ഇതിനായി അടുത്തുള്ള കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ സഹായം തേടാം. ജീവിതശൈലീ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട ബോർഡുകളും പുകയിലവിരുദ്ധസന്ദേശ ബോർഡുകളും സ്ഥാപിക്കുക, മാനസികോല്ലാസത്തിനായി കേന്ദ്രീകൃത സംഗീതസംവിധാനമൊരുക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ഓഫീസുകളിലേക്ക് സൈക്കിളിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *