എടപ്പാൾ : പുലർച്ചെ നാലരയ്ക്ക് തുടങ്ങും ബിന്ദുവിന്റെ ഓട്ടം. ആദ്യം തൊഴുത്തിലേക്കാണ്. നാലു പശുക്കൾ, എട്ട് ആടുകൾ, ഇവയെ കറന്ന്, തീറ്റകൊടുത്ത ശേഷം നേരെ സൊസൈറ്റിയിലേക്ക്. 15 ലിറ്റർ പാൽ അളന്നു നൽകും. പോകുംവഴി ചില വീടുകളിലും നൽകും. ഇതാണ് കുടുംബത്തിന്റെ പ്രധാനവരുമാനം. പിന്നീട് അടുക്കളയിലും വീട്ടിലുമായി കുറെ സ്വന്തം പണികൾ, അതു കഴിഞ്ഞാൽ കൃഷിയിടത്തിലേക്ക്. എടപ്പാൾ പഞ്ചായത്ത് കോലൊളമ്പ് വല്യാടിലെ കൂടിയാട്ടിൽ ചന്ദ്രന്റെ ഭാര്യ ബിന്ദുവാണ് കാർഷികവൃത്തിയെ നെഞ്ചേറ്റി ജീവിതം പച്ചപിടിപ്പിക്കുന്നത്. അഞ്ചു സെന്റ് ഭൂമിയിലെ ചെറിയൊരു ഷെഡ്ഡിൽ കഴിഞ്ഞിരുന്ന ബിന്ദുവും കുടുംബവും കൃഷിയിൽനിന്ന് കിട്ടിയ വരുമാനത്തിലൂടെ സ്വന്തമായി വീടു വെച്ചു. മകളെ പഠിപ്പിച്ച് നഴ്‌സാക്കി, മോനും നല്ല വിദ്യാഭ്യാസം നൽകി. അത്യാവശ്യം സ്വർണം നൽകി ഗംഭീരമായി മകളെ കല്യാണം കഴിപ്പിച്ചയച്ചു. ഇതിനെല്ലാം ചെലവഴിച്ചത് ഈ മണ്ണിന്റെ മണം നിറഞ്ഞ നോട്ടുകളായിരുന്നു.
പാട്ടത്തിനെടുത്ത അഞ്ചേക്കറിലേറെ സ്ഥലത്താണ് നെൽകൃഷി. അതിനോടനുബന്ധിച്ചു തന്നെ പച്ചക്കറികളായ പയർ, വഴുതന, വെള്ളരി, തക്കാളി, കയ്പ, ചീര, വെണ്ട, കപ്പ, ശർക്കരക്കിഴങ്ങ് തുടങ്ങി ഒരുവിധം കൃഷിയെല്ലാമുണ്ട്.
15 കിലോയോളം പയർ മിക്ക ദിവസങ്ങളിലും പറിച്ചെടുത്ത് കടകളിൽ നൽകും. വിവിധ ഇനത്തിൽപ്പെട്ട എട്ടാടുകൾ കൂടാതെ കോഴികളുമുണ്ട്. ഇവയുടെ മുട്ടവില്പനയും ബിന്ദുവിന്റെ ജീവിതത്തെ സമ്പന്നമാക്കുന്നു.
ഭർത്താവ് ചന്ദ്രൻ ശാരീരികാസ്വാസ്ഥ്യമുള്ളതിനാൽ ലോട്ടറി തൊഴിലാണ് ചെയ്യുന്നതെങ്കിലും ഒഴിവു വേളകളിൽ ആവുംപോലെ ബിന്ദുവിനൊപ്പം ചേരും. മക്കളായ തേജസ്, അക്ഷയ എന്നിവരും കൂടിയാൽ ആകെ ഒരു കൃഷികുടുംബമാണിവരുടേത്. പച്ചക്കറി കൃഷി ആരംഭിക്കുന്ന സമയത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായം ലഭിക്കുന്നു. പിന്നീട് നനയും പരിപാലനവുമടക്കമെല്ലാം ഈ കുടുംബം തന്നെയാണ്. മാറഞ്ചേരിയിലുള്ള അനിയത്തി ബീനയെയും കുടുംബത്തെയും കൃഷിയിലേക്കാകർഷിച്ച് അവരെയും കർഷകരാക്കി മാറ്റിയതിന്റെ അഭിമാനവും ഇപ്പോൾ ബിന്ദുവിനുണ്ട്.