കുറ്റിപ്പുറം : ചെമ്പിക്കൽ പ്രദേശത്ത് നിള സംരക്ഷണ കർമസമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.കഴിഞ്ഞ റംസാൻ മാസത്തിൽ നോമ്പുതുറയുടെ പേരിൽ വിവിധ സ്ഥലങ്ങളിൽനിന്ന്‌ ആളുകൾ കൂട്ടമായിവന്ന് പുഴയിൽ നോമ്പുതുറക്കുകയും ഭക്ഷണാവശിഷ്ടങ്ങളും മറ്റും പുഴയിൽതന്നെ ഇട്ടുപോകുന്ന അവസ്ഥ മൂലം പുഴ വ്യാപകമായി മലിനപ്പെട്ടിരുന്നു. ഇത്തരം അവസ്ഥ ഈ റംസാൻകാലത്ത് ഉണ്ടാകാതിരിക്കുന്നതിനാണ് നിള സംരക്ഷണ കർമസമിതി രൂപവത്കരിച്ചത്.

പഞ്ചായത്ത് സെക്രട്ടറി, വാർഡംഗം, ഇറിഗേഷൻ വകുപ്പ്‌, ആരോഗ്യവകുപ്പ്‌, ആശ വർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ, നാട്ടുകാർ എന്നിവരുൾപ്പെട്ടതാണ് നിള സംരക്ഷണ കർമസമിതി. കഴിഞ്ഞ ദിവസം ചേർന്ന നിള സംരക്ഷണ കർമസമിതിയുടെ യോഗത്തിൽ വാർഡംഗം ഫസീന അഹമ്മദ്കുട്ടി അധ്യക്ഷയായി. പുഴയിലേക്ക് ഇറങ്ങുന്ന സ്ഥലങ്ങളിൽ കമ്പികൾ വെച്ചുകെട്ടാനും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

ഭക്ഷണപദാർത്ഥങ്ങളുമായി പുഴയിലേക്ക് ഇറങ്ങുന്നത് തടയാനും പുഴയിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.ചെമ്പിക്കൽ പുഴയോരത്ത് കച്ചവടം നടത്തുന്ന കടകൾ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ്മസേനയ്ക്ക് നൽകി സഹകരിക്കണമെന്നും പുഴയിൽ നിക്ഷേപിക്കരുതെന്നും കർശന നിർദേശം നൽകി. ഈ ഭാഗങ്ങളിൽ പോലീസ്, ഹെൽത്ത്, പഞ്ചായത്ത് ഹരിതകർമസേന എന്നിവർ പട്രോളിങ് നടത്തും.

Related Post

Leave a Reply

Your email address will not be published. Required fields are marked *