കുറ്റിപ്പുറം : ഭാരതപ്പുഴയുടെ കുറ്റിപ്പുറം പഞ്ചായത്ത് പരിധിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണൽക്കടത്ത് വ്യാപകം.രാത്രികാലങ്ങളിൽ ചാക്കുകളിൽ മണൽനിറച്ച് അവ ലോറികളിൽ കയറ്റിക്കൊടുക്കുന്നത് ഇതര സംസ്ഥാനത്തൊഴിലാളികളാണ്. ലോറികൾ പുഴയിലേക്കിറക്കാൻ കഴിയുന്നിടത്ത് ഇതരസംസ്ഥാനത്തൊഴിലാളികൾ നേരേ മണൽ ലോറികളിലേക്കുതന്നെ കയറ്റിക്കൊടുക്കും. വ്യാഴാഴ്ച ചെമ്പിക്കൽ ഭാഗത്ത് നിരവധി ചാക്കുകളിൽ മണൽനിറച്ച് വെച്ചത് നാട്ടുകാർ കണ്ടെത്തി.
ബുധനാഴ്ച രാത്രിയിൽ കയറ്റിപ്പോകാൻ കഴിയാതിരുന്നവയാണിത്. രാങ്ങാട്ടൂർ, ചെമ്പിക്കൽ, പേരശ്ശന്നൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും മണൽ മാഫിയ പ്രവർത്തിക്കുന്നത്.രാത്രി 11-ന് ആരംഭിക്കുന്ന മണൽക്കടത്ത് പുലർച്ചെ വരെ നീളും. നമ്പർ പ്ളേറ്റ് വ്യക്തമായ രീതിയിൽ കാണാൻ കഴിയാത്ത ടിപ്പർ ലോറികളാണ് മണൽക്കടത്തിന് കൂടുതലായും ഉപയോഗിക്കുന്നത്.