Mon. Apr 14th, 2025

എടപ്പാൾ : സ്വകാര്യവ്യക്തിയുടെ ഗോഡൗണിലും പറമ്പിലുമായി അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിൻഡറുകൾ ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവിഭാഗം പിടികൂടി. അനധികൃതമായി പാചകവാതക സിലിൻഡറുകൾ സൂക്ഷിച്ചതായ പ്രദേശവാസികളുടെയും മറ്റും പരാതികളെത്തുടർന്ന് മലപ്പുറം ജില്ലാ സപ്ലൈ ഓഫീസർ ജോഷി ജോസഫ്, പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസർ വി.ജി. മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 11-ന് തുടങ്ങിയ പരിശോധന വൈകീട്ട് അഞ്ചുവരെ നീണ്ടു. കക്കിടിപ്പുറം സ്വദേശി ജയകുമാറിന്റേതാണ് ഗോഡൗൺ.വാണിജ്യാവശ്യങ്ങൾക്കായി പാചകവാതക സിലിൻഡറുകൾ വിൽക്കാൻ അനുമതിയുള്ള കണ്ണൂരിലുള്ള ഏജൻസിയുടെ മറവിലാണ് ഇവിടെ കച്ചവടം നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വാണിജ്യാവശ്യങ്ങൾക്കായി വിൽക്കാൻ അനുമതിയുണ്ടെങ്കിലും ഇവ സൂക്ഷിച്ചുവെക്കാനുള്ള അനുമതിയില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു.പാചകവാതകം നിറച്ച സിലിൻഡറുകൾ ഗോഡൗണിലും പുറത്ത് വെയിലുമേറ്റ് അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. ഇത് ഏതുസമയത്തും അപകടത്തിനു കാരണമാക്കുന്നതാണ്. വ്യാപകമായി പാചകവാതക സിലിൻഡറുകൾ സൂക്ഷിക്കുന്നുണ്ടെന്നും സിലിൻഡറിലേക്ക് പാചകവാതകം നിറയ്ക്കുന്നുണ്ടെന്നുമുള്ള പരാതിയെത്തുടർന്ന് പ്രദേശം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. പാചകവാതകം നിറയ്ക്കുന്നതിനുള്ള സാമഗ്രികളൊന്നും കണ്ടെത്താനായില്ല. കളരിക്കൽ ഗ്യാസ് സർവീസ് ആൻഡ് ആക്‌സസറീസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് കച്ചവടം നടത്തുന്നത്. ഇവിടെ ഗ്യാസ് സിലിൻഡറുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വിൽക്കാനുള്ള അനുമതി മാത്രമാണുള്ളതെന്നാണ്‌ അധികൃതർ പറഞ്ഞത്.

ഇതിന്റെ മറവിലാണ് നൂറുകണക്കിന് പാചകവാതക സിലിൻഡറുകൾ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. പിടിച്ചെടുത്ത സിലിൻഡറുകളിൽ പാചകവാതകം നിറച്ചത് 129 എണ്ണവും നിറയ്ക്കാത്തത് 279 എണ്ണവുമാണ്‌. ഇവ എടപ്പാളിലെയും മറ്റും അനുമതിയുള്ള ഗ്യാസ് ഏജൻസികളുടെ ഗോഡൗണകളിലേക്കു മാറ്റി സൂക്ഷിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. റേഷനിങ് ഇൻസ്‌പെക്ടർമാരായ കെ.ടി. വിനോദ്, വി.ആർ. അനിൽകുമാർ, പി. നിസാമുദ്ദീൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.കക്കിടിപ്പുറത്ത് പിടികൂടിയത് 408 സിലിൻഡറുകൾസൂക്ഷിച്ചത് വെയിലത്തും ഗോഡൗണിലും

Related Post

Leave a Reply

Your email address will not be published. Required fields are marked *